Follow the FOURTH PILLAR LIVE channel on WhatsApp
നിലമ്പൂര്‍: തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയായി ഉള്‍പ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് യു.ഡി.എഫ്. നേതൃത്വത്തിന് കത്ത് നല്‍കി പി.വി.അന്‍വര്‍. യു.ഡി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നാണ് കത്തിലെ പ്രധാന ഉളള്ളടക്കം.
സി.പി.എമ്മിനോടു വിട പറയേണ്ടി വന്ന സാഹചര്യം, എം.എല്‍.എ. സ്ഥാനം രാജിവെയ്ക്കേണ്ടി വന്ന സാഹചര്യം, താന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം, തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകാനിടയായ സാഹചര്യം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്ന ദീര്‍ഘമായ കത്താണ് അന്‍വര്‍ യു.ഡി.എഫ്. നേതൃത്വത്തിന് കൈമാറിയത്.
യു.ഡി.എഫ്. കണ്‍വീനര്‍, ചെയര്‍മാന്‍, ഘടകകക്ഷി നേതാക്കള്‍ എന്നിവർക്ക് പുറമെ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കള്‍ക്കും കത്ത് കൈമാറിയിട്ടുണ്ട്. ഞായറാഴ്ച കെ.പി.സി.സി. രാഷ്ട്രീയ കാര്യ സമിതി യോഗം അന്‍വറിന്റെ യു.ഡി.എഫ്. പ്രവേശനത്തില്‍ ചര്‍ച്ച നടത്തുന്നതിന് മുന്നോടിയാണ് കത്ത് കൈമാറ്റം.
എം.എല്‍.എ. പദവിയൊഴിഞ്ഞ അന്‍വര്‍ നിലമ്പൂരിനെ പ്രതിനിധീകരിച്ച് ഇനി മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. മറിച്ച് യു.ഡി.എഫ്. നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിക്ക് നിരുപാധികമായ പിന്തുണ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.
കൂടുതല്‍ നേതാക്കള്‍ അന്‍വറിനെ അനുകൂലിച്ചുകൊണ്ട് സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. വി.ഡി.സതീശനെതിരായ ആരോപണങ്ങളില്‍ അന്‍വര്‍ മാപ്പ് പറഞ്ഞതോടെ, ഇക്കാര്യത്തില്‍ അദ്ദേഹത്തിൻ്റെ നിലപാട് എന്താകുമെന്നും നിര്‍ണായകമാണ്. നിലവില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്റെ നിലപാടും അന്‍വറിന് അനുകൂലമാണ്.


























