Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: നേതാക്കളുടെ തമ്മിൽത്തല്ല് പരിഹരിക്കാൻ കൂടി അജൻഡ വെച്ച് ചേർന്ന കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കൂട്ടയടി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ നേതാക്കൾ വളഞ്ഞിട്ട് ആക്രമിച്ചു. എ.പി.അനിൽകുമാറാണ് ആക്രമണത്തിനു നേതൃത്വം നല്കിയത്. ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കാൻ സതീശൻ ആരെന്ന് അനിൽകുമാർ ചോദിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് 63 മണ്ഡലങ്ങളിൽ പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്ന് സതീശൻ പറഞ്ഞതാണ് തർക്കത്തിനു തുടക്കമിട്ടത്. പാർട്ടിയോട് ചർച്ച ചെയ്യാതെ ആര് ഇതിന് അനുമതി നൽകിയെന്ന് അനിൽകുമാർ ചോദിച്ചു. ഇത് സതീശനെ ചൊടിപ്പിച്ചു. തനിക്ക് പറയാൻ അവകാശമില്ലേ എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. ഇതോടെയാണ് വാക്കേറ്റം ഉണ്ടായത്. തുടർന്ന് പ്രസംഗം പൂർത്തിയാക്കാതെ സതീശൻ ഇരുന്നു.
പ്രതിപക്ഷ നേതാവിന്‍റെ വസതി കോൺഗ്രസുകാർക്ക് അഭയകേന്ദ്രമല്ലാതായെന്നും നേരത്തെ ഇങ്ങനെ അല്ലായിരുന്നു എന്നും ശൂരനാട് രാജശേഖരൻ വിമർശിച്ചു. വയനാട്ടിലെ ഡി.സി.സി ട്രഷററുടെ ആത്മഹത്യയിൽ കുടുംബത്തെ ആദ്യം തന്നെ ചേർത്ത് പിടിക്കണമായിരുന്നുവെന്നും അങ്ങനെ ചെയ്തിരുന്നെങ്കിൽ പാർട്ടിക്ക് ഇത്രയും ക്ഷീണം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സതീശനെതിരായ പ്രസ്താവന ശൂരനാട് രാജശേഖരൻ പിന്‍വലിക്കണമെന്ന് യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടതോടെ അതിലും തർക്കമായി. തർക്കം രൂക്ഷമായപ്പോൾ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇടപെട്ടു.
ഐക്യം ഇല്ലെങ്കിൽ കേരളത്തിൻ്റെ ചുമതല ഒഴിയാമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുൻഷി യോഗത്തിൽ മുന്നറിയിപ്പ് നൽകി. ഐക്യത്തോടെ മുന്നോട്ട് പോയാലേ വിജയം ഉണ്ടാകു. ഇല്ലെങ്കിൽ താൻ തുടരുന്നത് കൊണ്ട് കാര്യമില്ലെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പിടിവലിയിലും നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശമാണ് ഉയര്‍ന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യനാണ് വിമര്‍ശം ആരംഭിച്ചത്. മുഖ്യമന്ത്രി ആരായിരിക്കണമെന്ന ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് കുര്യൻ യോഗത്തിൽ പറഞ്ഞു. മറ്റു നേതാക്കളും ഇക്കാര്യത്തെ പിന്തുണച്ച് വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രി ആരെന്ന ചര്‍ച്ച തെറ്റായ സന്ദേശം നൽകുമെന്ന വിമര്‍ശനവും ഉയര്‍ന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഐക്യത്തോടെ നീങ്ങണമെന്ന് രമേശ് ചെന്നിത്തല യോഗത്തിൽ ആവശ്യപ്പെട്ടു. സുധാകരൻ-സതീശൻ തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ വിമർശനം. ഓൺലൈനായിട്ട് ആണ് ചെന്നിത്തല പങ്കെടുത്തത്. കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെച്ചതും സതീശൻ കെ.പി.സി.സി. നേതൃയോഗത്തിൽ പങ്കെടുക്കാത്തതും അനാവശ്യ വിവാദം സൃഷ്ടിച്ചെന്നും ഇത്തരം വിവാദങ്ങൾ തിരിച്ചടിയാകുമെന്നും നേതാക്കൾ പറഞ്ഞു. ഇങ്ങനെ പോയാൽ മൂന്നാമതും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും അവർ മുന്നറിയപ്പ് നല്കി.
അതേസമയം, പി.വി.അൻവറിനെ യു.ഡി.എഫിൽ എടുക്കുന്ന കാര്യത്തിൽ യോഗത്തിൽ തീരുമാനമായില്ല. തിടുക്കം വേണ്ടെന്ന് നേതാക്കൾക്കിടയിൽ അഭിപ്രായം ഉയര്‍ന്നു. രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കാര്യമായ ചർച്ച പോലും ഈ വിഷയത്തിൽ നടന്നില്ല.