Follow the FOURTH PILLAR LIVE channel on WhatsApp
തൃശ്ശൂർ: കടലില്‍ ഉല്ലാസയാത്ര നടത്തിയ സ്പീഡ് ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം പിടിച്ചെടുത്ത് കൊടുങ്ങല്ലൂര്‍ പോര്‍ട്ട് ഓഫീസര്‍ക്ക് കൈമാറി. മുനമ്പത്ത് നിന്ന് കടലില്‍ ഉല്ലാസയാത്ര നടത്തിയ എറണാകുളം ജില്ലയില്‍ ചേന്ദമംഗലം കരിപ്പായി കടവ് സ്വദേശി നിലവ് വീട്ടില്‍ രമേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മനാമി എന്ന പേരുള്ള സ്പീഡ് ബോട്ട് യാതൊരുവിധ അനുമതിപത്രമോ രേഖകളോ ഇല്ലാതെയാണ് കടലിലൂടെ സഞ്ചരിച്ചത്.
അഴിക്കോട് അഴിമുഖത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്തു വെച്ച് സുരക്ഷാ സംവിധാനങ്ങളില്ലാതെ ശക്തമായ തിരയടിയില്‍ അമിത വേഗത്തിലും ആശ്രദ്ധമായും മനുഷ്യജീവന് അപകടം വരത്തക്ക രീതിയില്‍ കടലിലൂടെ ഓടിച്ച ഉല്ലാസ ബോട്ട് ശ്രദ്ധയില്‍പ്പെട്ട ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പട്രോള്‍ ബോട്ട് സംഘം തടഞ്ഞ് നിര്‍ത്തി പരിശോധിച്ചു.
രാജ്യസുരക്ഷയ്ക്കും മനുഷ്യ ജീവനും ഭീഷണിയാകും വിധം കടലിലൂടെ സഞ്ചരിക്കാന്‍ പ്രാപ്തമല്ലാത്ത (സീ വര്‍ത്ത്‌നസ്സ്) ഉള്‍നാടന്‍ ജലാശയങ്ങളില്‍ മാത്രം ഉപയോഗിക്കാവുന്ന സ്പീഡ് ബോട്ടിന് പരിശോധനയില്‍ വേണ്ടത്ര രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അഴിക്കോട് പോര്‍ട്ട് ഓഫീസിന്റെ അനുമതിയില്ലാതെ കടലിലൂടെ മനുഷ്യജീവന് ഭീഷണിയാകും വിധം സഞ്ചരിച്ച ഉല്ലാസ ബോട്ട് മത്സ്യബന്ധന യാനമല്ലാത്തതിനാല്‍ കൊടുങ്ങല്ലൂര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ബോട്ട് പരിശോധിച്ച് പിഴ ഇടാക്കും.
ഓപ്പറേഷന്‍ സജാഗിൽ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.സി.സീമയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക സംഘമാണ് സ്പീഡ് ബോട്ട് പിടിച്ചെടുത്തത്.