Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയെ കുടുക്കിയത് സ്വന്തം മരണമൊഴി. പൊലീസ് കസ്റ്റഡിയിലിരിക്കെ ശുചിമുറിയിൽ വെച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്ന് നൽകിയ മരണമൊഴിയിൽ കീടനാശിനി കഷായത്തിൽ കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്ന് ഗ്രീഷ്മ സമ്മതിച്ചിരുന്നു. കൊല്ലുക തന്നെയായിരുന്നു ലക്‌ഷ്യം എന്നായിരുന്നു മൊഴി. ഇത് കേസിൽ പ്രധാന തെളിവായി.
കുറ്റബോധമുണ്ടോയെന്ന ചോദ്യത്തോട് ഗ്രീഷ്മ മൗനം പാലിച്ചു. കുറച്ച് സമയം തലതാഴ്ത്തി ഇരുന്നു. അപ്പോഴും മൗനം. എന്നാൽ നേരത്തെ ഇങ്ങനെ ആയിരുന്നില്ല ഗ്രീഷ്മ പ്രതികരിച്ചിരുന്നത്. തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ വളരെ കൂളായിരുന്നു ഗ്രീഷ്മ.
ഷാരോൺ കൊലക്കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഗ്രീഷ്‌മയുടെ വൈദ്യപരിശോധന ഫോർട്ട് ആശുപത്രിയിൽ പൂർത്തിയായി. ഗ്രീഷ്മയെ അട്ടക്കുളങ്ങര ജയിലിലേക്ക് കൊണ്ടുപോയി. മുമ്പ് ഒരു വർഷത്തോളം ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്നു. ജാമ്യം ലഭിച്ചപ്പോൾ ഗ്രീഷ്മ ജയിലിൽ നിന്ന് പുറത്തിറങ്ങി. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വീണ്ടും ജയിലിലേക്ക് കൊണ്ടുപോകുന്നത്.
കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ കുറ്റങ്ങൾ ഗ്രീഷ്മയ്‌ക്കെതിരെ തെളിഞ്ഞു . തെളിവ് നശിപ്പിച്ചത്തിന് ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മല കുമാരൻ നായരും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിൽ രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കുറ്റവിമുക്തയാക്കി. പ്രതികളുടെ ശിക്ഷ ശനിയാഴ്ച വിധിക്കും.
ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയാണെന്ന് ഷാരോണിന്റെ മാതാപിതാക്കൾ പറഞ്ഞു. ശിക്ഷ വിധിച്ചതിനു ശേഷം ഭാവി പരിപാടികൾ ആലോചിക്കും. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മാതാപിതാക്കൾ പറഞ്ഞു.