Follow the FOURTH PILLAR LIVE channel on WhatsApp
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ വീട്ടിൽ കയറി അക്രമിച്ച കേസിൽ ഒരാളെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നതിനായി ഒട്ടേറെ പേരെ എത്തിച്ചിരുന്നു. തുടർന്നാണ് വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന ഒരു പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തത്.
വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് സെയ്ഫ് അലി ഖാനെ ബാന്ദ്രയിലെ വീട്ടിൽ വച്ച് മോഷണശ്രമത്തിനിടെ 6 തവണ കുത്തിയത്. സാരമായി പരുക്കേറ്റ സെയ്ഫിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയെ തുടർന്ന് അദ്ദേഹം അപകടനില തരണം ചെയ്തുവെന്നും ഡോക്ടർമാർ അറിയിച്ചു.
പുലർച്ചെ 2.30 ന് സെയ്ഫ് അലി ഖാന്റെ കുട്ടികളുടെ മുറിയിൽ വീട്ടുജോലിക്കാരി നുഴഞ്ഞുകയറ്റക്കാരനെ കണ്ടു. ഉടനെ ഇവർ മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് സെയ്ഫ് അലി ഖാനെത്തി അക്രമിയെ കീഴടക്കാൻ ശ്രമിച്ചു. പിടിവലിക്കിടെയാണ് നടന് 6 തവണ കുത്തേറ്റത്. നടന്റെ വീട്ടുജോലിക്കാരിക്കും നിസ്സാര പരുക്കേറ്റു.