Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്ന് വീണു പരുക്കേറ്റ ഉമ തോമസ് എം.എൽ.എയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കൊച്ചിയിലെ റിനൈ മെഡിസിറ്റിയിലെത്തിയാണ് മുഖ്യമന്ത്രി ഉമ തോമസിന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയത്.
മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമ തോമസ് മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. എന്നാല്‍ ഇത് തന്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സന്ദര്‍ശിക്കാനെത്തിയതില്‍ സന്തോഷമുണ്ടെന്ന് ഉമാ തോമസ് മുഖ്യമന്ത്രിയോട് പറഞ്ഞു. ഇങ്ങനെ കാണുന്നതില്‍ വിഷമമുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്ന് ഉമ തോമസ് പറഞ്ഞു. നാട് ഒന്നാകെ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു ഇതിനുള്ള മുഖ്യമന്ത്രിയുടെ മറുപടി.

നിയമസഭയില്‍ പോകണമെന്ന് പറഞ്ഞിരിക്കുകയാണ് എം.എല്‍.എയെന്ന് ഡോക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചപ്പോള്‍ ‘ഇപ്പോള്‍ ഇവര്‍ പറഞ്ഞതനുസരിക്കൂ ബാക്കി ഇത് കഴിഞ്ഞിട്ട് നോക്കാം’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉപദേശം.
‘വീഴ്ച പ്രതീക്ഷിക്കാത്തതായിരുന്നു. എനിക്ക് ഒന്നും ഓര്‍മയില്ല, പരിപാടിക്ക് പോയത് പോലും ഓര്‍മയില്ല’ ഉമാ തോമസ് സംഭാഷണത്തിനിടെ പറഞ്ഞു.
വീഴുന്നതിന്റെ വീഡിയോ കണ്ട കാര്യം മുഖ്യമന്ത്രി പറഞ്ഞു. വീട്ടില്‍ പോകണമെന്ന് നിര്‍ബന്ധംപിടിച്ചപ്പോള്‍ ഐ.സി.യുവില്‍ വെച്ച് ഉമാ തോമസിനെ ഈ ദൃശ്യങ്ങള്‍ കാണിച്ചതായി ഡോക്ടറും പറഞ്ഞു. ഡോക്ടര്‍മാരോടും കുടുംബാംഗങ്ങളോടും മുഖ്യമന്ത്രി ഉമയുടെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചു.
ഉച്ചക്ക് 1 മണിയോടെയായിരുന്നു മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. ധനമന്ത്രി കെ.എൻ.ബാലഗോപാലും സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ചികിത്സയില്‍ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ഉമ തോമസിന് അടുത്തയാഴ്ച്ച ആശുപത്രി വിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.