Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വീട്ടുകാർ നടത്തിയ രഹസ്യ സമാധിയിലൂടെ വിവാദങ്ങളിൽ നിറഞ്ഞ നെയ്യാറ്റിൻകര ഗോപൻ്റെ മൃതദേഹം നാട്ടുകാരുടെ സാന്നിധ്യത്തിൽ വീണ്ടും സമാധിയിരുത്തി. കാവുവിളാകത്തെ കൈലാസനാഥ ശിവക്ഷേത്രത്തിനു സമീപത്തൊരുക്കിയ സമാധിപീഠത്തിലാണ് സന്ന്യാസിമാരുടെയും ഹൈന്ദവ സംഘടനാ പ്രതിനിധികളുടെയും നേതൃത്വത്തിൽ വീണ്ടും സമാധിയിരുത്തിയത്. നേരത്തേ പൊലീസ് പൊളിച്ച സമാധിപീഠം പുതുക്കിനിർമിച്ചാണ് ചടങ്ങുകൾ നടത്തിയത്.
പോസ്റ്റുമോർട്ടത്തിനു ശേഷം പൊലീസ് വിട്ടുകൊടുത്ത മൃതദേഹം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നാമജപ ഘോഷയാത്രയായി കാവുവിളാകത്ത് എത്തിച്ചു.
ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി മുഖ്യകാർമ്മികത്വം വഹിച്ചു. അംബ ആശ്രമത്തിലെ ആചാര്യ ശങ്കര കൃഷ്ണ സരസ്വതി സൂര്യവംശി, ശിവാനന്ദ ആശ്രമത്തിലെ ശ്രീകല, മരുത്വാമലയിലെ ഉണ്ണികൃഷ്ണൻ, സ്വാമി പൂർണ്ണ അമൃത ചൈതന്യ, വെള്ളനാട് വിജയാശ്രമത്തിലെ സ്വാമി വിജയൻ കുമാർ എന്നിവരായിരുന്നു സഹകാർമികർ.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗോപനെ നാട്ടുകാരറിയാതെ നേരത്തേ തയ്യാറാക്കിയിരുന്ന പീഠത്തിൽ വീട്ടുകാർ സമാധിയിരുത്തിയത്. ഇതു വിവാദമായതിനെ തുടർന്ന് പൊലീസ് സമാധിസ്ഥലം പൊളിച്ച് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തു. നേരത്തേ പൊലീസ് പൊളിച്ച സമാധിസ്ഥലത്ത് കൂടുതൽ വലിപ്പത്തിൽ വീട്ടുകാർ പുതിയ സമാധിപീഠം നിർമ്മിച്ചു. ഋഷിപീഠമെന്നു പേരിട്ടിരിക്കുന്ന ഇവിടം തീർത്ഥാടനകേന്ദ്രമാക്കുമെന്ന് വീട്ടുകാർ അറിയിച്ചു.































