Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: മമ്മൂട്ടിയുടെ പേഴ്സണൽ മേക്കപ്പ്മാനാണ് ജോർജ്, നിർമ്മാതാവുമാണ്. മമ്മൂട്ടിയോട് എപ്പോഴും എന്തും പറയാൻ അവകാശമുള്ളയാൾ. ദുൽഖറിനോടും ജോർജിന് ആ സ്വാതന്ത്ര്യമുണ്ട്. ആ ഇഴയടുപ്പത്തിൻ്റെ തെളിവായി മാറി ജോർജിൻ്റെ മൂത്തമകൾ സിന്തിയയുടെ മധുരംവെപ്പ് ചടങ്ങ്. കൂടുംബാംഗങ്ങളെപ്പോലെയാണ് മമ്മൂട്ടിയും ദുൽഖറും ആ ചടങ്ങിൽ പങ്കാളികളായത്. ചടങ്ങിലുടനീളം നിറ സാന്നിധ്യമായിരുന്നു ഇവർ.
കൊച്ചി ഐ.എം.എ. ഹാളിൽ വെച്ചായിരുന്നു ചടങ്ങ്. മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനുമൊപ്പം ദുൽഖർ സൽമാൻ, ഭാര്യ അമാൽ, മകൾ മറിയം എന്നിവരും ചടങ്ങിനു എത്തിച്ചേർന്നിരുന്നു. ജനുവരി 18ന് പാലായിൽ വച്ചാണ് സിന്തിയയുടെ വിവാഹം.
നീലഗിരി എന്ന ഐ.വി.ശശി ചിത്രത്തിൽ മേക്കപ്പ്മാനായാണ് മമ്മൂട്ടിക്ക് ഒപ്പമുള്ള ജോർജിന്റെ യാത്ര ആരംഭിക്കുന്നത്. ജോഷി സംവിധാനം ചെയ്ത മറ്റൊരു മമ്മൂട്ടി ചിത്രമായ കൗരവരിലൂടെ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി ജോർജ് അരങ്ങേറ്റം കുറിച്ചു. 2010ൽ, പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിന് രതീഷ് അമ്പാടിയോടൊപ്പം 40ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച മേക്കപ്പ്മാനുള്ള അവാർഡും ജോർജ് പങ്കിട്ടു.
ഇന്ന് പ്രമുഖ നിർമാതാവ് കൂടിയാണ് ജോർജ്. മായാവി എന്ന മമ്മൂട്ടി ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജായിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവൽ എന്ന ചിത്രം നിർമ്മിച്ചതും ജോർജാണ്. 2023ൽ റിലീസ് ചെയ്ത വേല എന്ന സിനിമയാണ് അവസാനമായി ജോര്‍ജ് നിർമ്മിച്ചത്.































