തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂർ കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ ഗോപൻ്റെ വിവാദ ‘സമാധി’ കല്ലറ തുറന്നു. കല്ലറയിൽ ഇരിക്കുന്ന വിധത്തിൽ മൃതദേഹം കണ്ടെത്തി. ഗോപൻ്റെ ഭാര്യയും 2 മക്കളും നൽകിയ ഹർജിയിൽ കല്ലറ പരിശോധിക്കാനുള്ള ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസ് നടപടികൾ ആരംഭിച്ചത്.
പൊലീസ് സംഘം പുലർച്ചെ തന്നെ നെയ്യാറ്റിൻകര അതിയന്നൂരിലെ ഗോപൻ്റെ വീട്ടിലെത്തി കല്ലറ തുറന്നു. 2 ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് കല്ലറ പൊളിക്കുന്നതിനായി പുലർച്ചെ സ്ഥലത്തെതിയത്. തുടർന്ന് തിരുവനന്തപുരം സബ് കളക്ടർ ഒ.വി.ആല്‍ഫ്രഡ് സ്ഥലത്തെത്തുകയും കല്ലറ തുറക്കുന്നതിന്റെ ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തു. കല്ലറ തുറക്കുന്നതിന്റെ സമീപം നിൽക്കാൻ തന്നോട് പൊലീസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിരസിക്കുകയാിരുന്നുവെന്ന് ഗോപൻ്റെ മകൻ സനന്ദൻ പറഞ്ഞു.
കല്ലറ തുറന്നതിനെ തുടർന്ന് മൃതദേഹം പുറത്തേക്കെടുത്തു. നെഞ്ച് വരെ പൂക്കളും സുഗന്ധ ദ്രവ്യങ്ങളും ഭസ്മവും മൂടിയ നിലയിലായിരുന്നു മൃതദേഹം. ഗോപൻ്റെ മൃതദേഹം തന്നെയാണ് കല്ലറയിലേത് എന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വീട്ടുവളപ്പിൽ ക്ഷേത്രവും പൂജയും നടത്തിയിരുന്ന ഗോപനെ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് മക്കളും ഭാര്യയും ചേർന്ന് കോൺക്രീറ്റ് അറയുണ്ടാക്കി സമാധി ഇരുത്തിയത്. അച്ഛന്റെ ആഗ്രഹ പ്രകാരം സമാധി ഇരുത്തിയെന്നാണ് മക്കൾ പറയുന്നത്. എന്നാൽ കൊലപ്പെടുത്തിയെന്ന സംശയം നാട്ടുകാർ ഉന്നയിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്.
പിതാവിനെ മക്കള്‍ സമാധിയിരുത്തിയതില്‍ ബന്ധുക്കളുടെ മൊഴികളില്‍ പൊരുത്തക്കേടെന്ന് പൊലീസ് പറഞ്ഞു. ജീവനോടെയാണ് സമാധിയിരുത്തിയതെന്ന് തെളിഞ്ഞാല്‍ മക്കളും ഭാര്യയും കൊലക്കേസില്‍ പ്രതികളാവും. ഗോപന്‍ ‘സ്വാമി’യെന്ന് അറിയപ്പെടുന്ന നെയ്യാറ്റിന്‍കര ആറാലുംമൂട് സിദ്ധന്‍ ഭവനില്‍ മണിയനെന്ന ഗോപനെയാണ് 2 ആണ്‍മക്കളും ഭാര്യയും ചേര്‍ന്ന് വീട്ടുമുറ്റത്ത് കോണ്‍ക്രീറ്റ് അറയുണ്ടാക്കി സമാധിയിരുത്തിയത്.
സമാധിയാകാൻപോയ ആൾ രക്തസമ്മർദത്തിന്റെയും പ്രമേഹത്തിന്റെയും മരുന്ന് കഴിച്ചിരുന്നുവെന്നും മക്കൾ പറയുന്നു. ആറാലുംമൂട് ചന്തയിൽ ചുമട്ടുതൊഴിലാളിയായിരുന്ന ഗോപനെ നാട്ടുകാർ മണിയൻ എന്നാണ് വിളിച്ചിരുന്നത്. സംഘപരിവാർ സംഘടനയായ ബി.എം.എസിൽ അംഗമായിരുന്നു. ആദ്യം ആറാലുംമൂട്ടിലായിരുന്നു താമസം. അവിടത്തെ വസ്‌തു വിറ്റശേഷമാണ് അതിയന്നൂരിൽ വീടുവച്ച് താമസമാക്കിയത്.
മരണസമയം മുന്‍കൂട്ടി കണ്ട അച്ഛന്‍ അവിടെയിരുന്ന് സമാധിയായെന്നാണ് ഇളയ മകന്‍ പറയുന്നത്. വീട്ടില്‍ കിടന്ന് മരിച്ച അച്ഛനെ കോണ്‍ക്രീറ്റ് തറയുടെ സ്ഥലത്ത് കൊണ്ട് സമാധിയിരുത്തിയെന്നാണ് മൂത്ത മകന്‍റെ മൊഴി. 2 ദിവസമായി കിടപ്പിലായിരുന്ന ഗോപന്‍ എഴുന്നേറ്റ് നടന്ന് പോയി സമാധി സ്ഥലത്ത് ഇരിക്കാനുള്ള സാധ്യതയില്ലെന്നാണ് മറ്റൊരു ബന്ധുവിന്‍റെ മൊഴി.
മൊഴികളിലെ പൊരുത്തക്കേടും മരണവിവരം പുറത്തറിയിക്കാത്തതുമാണ് ദുരൂഹതക്ക് കാരണം. കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് ഗോപൻ്റെ മകന്‍ സനന്ദനന്‍ പറഞ്ഞിരുന്നു. കല്ലറ പൊളിക്കാനുള്ള തീരുമാനം മതവികാരം വ്രണപ്പെടുത്തുന്നതാണ്. പൊലീസ് നോട്ടിസ് നല്‍കിയിട്ടില്ല, മൊഴി എടുത്തിരുന്നു. സമാധി പോസ്റ്റര്‍ അടിച്ചത് താന്‍ തന്നെയെന്നും നിയമനടപടി ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും മകന്‍ പറഞ്ഞിരുന്നു.
കല്ലറ പൊളിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാന്‍ കഴിയണമെന്നായിരുന്നു കുടുംബം ഹര്‍ജിയില്‍ പറഞ്ഞത്. പൊളിക്കല്‍ നടപടിയുമായി പൊലീസ് മുന്നോട്ട് പോകുന്നത് വിശ്വാസത്തെ വ്രണപ്പെടുത്താനാണെന്നും കുടുംബം ആരോപിച്ചു.
നെയ്യാറ്റിന്‍കര ഗോപൻ്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്നായിരുന്നു ജസ്റ്റിസ് സി.എസ്.ഡയസിന്‍റെ ആദ്യ ചോദ്യം. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആയി കണക്കാക്കേണ്ടിവരും. അല്ലെങ്കില്‍ കല്ലറ തുറന്നുള്ള അന്വേഷണം തടയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്. സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണം. ഗോപൻ്റെ മരണം അംഗീകരിച്ചത് ആരെന്നും ഹൈക്കോടതി ചോദിച്ചു. കല്ലറ തുറക്കുന്നതില്‍ എന്തിനാണ് ഭയമെന്നും ബന്ധുക്കളോട് ഹൈക്കോടതി ആരാഞ്ഞിരുന്നു.
കല്ലറ പൊളിക്കാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ നല്‍കിയില്ല. കോടതി വിധി അംഗീകരിക്കാനാകില്ലെന്നു പറഞ്ഞ ഗോപൻ്റെ മകന്‍ അച്ഛന്‍ മരിച്ചതല്ല സമാധിയാണെന്ന് ആവര്‍ത്തിച്ചു.