29 C
Trivandrum
Thursday, February 6, 2025

നെയ്യാറ്റിൻകര ഗോപൻ്റെ മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ്റെ മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകളോടെ വൈകിട്ട് 3 മണിക്കാണ് സംസ്കാര ചടങ്ങുകൾ. മൃതദേഹം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലേക്ക് മാറ്റി. ‍‍

Follow the FOURTH PILLAR LIVE channel on WhatsApp 

പുറത്തുവന്നിട്ടുള്ള പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം മരണത്തിൽ അസ്വാഭാവികത ഒന്നുംതന്നെയില്ല. ശ്വാസകോശത്തിൽനിന്ന് ലഭിച്ച സാമ്പിൾ പരിശോധനാഫലം വന്നാലേ മരണകാരണം സ്വാഭാവികമാണോ അസ്വഭാവികമാണോ എന്നതിൽ വ്യക്തത വരൂ.

അതേസമയം ഹിന്ദു ആചാരത്തെ വ്രണപ്പെടുത്തുന്ന സംഭവങ്ങളാണുണ്ടായതെന്ന് ഗോപൻ്റെ മകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെയും കുടുംബത്തെയും വേട്ടയാടിയെന്നും നിയമനടപടികള്‍ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച രാവിലെയാണ് കല്ലറ തുറന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഗോപൻ്റെ ഭാര്യയും 2 മക്കളും നൽകിയ ഹർജിയിൽ കല്ലറ പരിശോധിക്കാനുള്ള ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന്‌ പിന്നാലെയാണ്‌ പൊലീസ്‌ നടപടികൾ ആരംഭിച്ചത്‌.

പൊലീസ്‌ സംഘം പുലർച്ചെ തന്നെ നെയ്യാറ്റിൻകര അതിയന്നൂരിലെ ഗോപൻ്റെ വീട്ടിലെത്തി കല്ലറ തുറക്കുകയായിരുന്നു. നെഞ്ചുവരെ കർപ്പൂരവും ഭസ്മവും അടക്കമുള്ള പൂജാദ്രവ്യങ്ങൾ കുത്തിനിറച്ച നിലയിലായിരുന്നു മൃതദേഹം സംസ്കരിച്ചത്. ഇത് മാറ്റിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. മക്കൾ പൊലീസിനു നൽകിയ മൊഴിയിലും ഇത്തരത്തിലാണ് മൃതദേഹം സംസ്കരിച്ചതെന്ന് പറഞ്ഞിരുന്നു.

ഈ മാസം 9നാണ് നെയ്യാറ്റിൻകര ഗോപൻ അന്തരിച്ചത്. മരണം നടന്നത് പകൽ 11ന്‌ ആയിരുന്നിട്ടും ബന്ധുക്കളെയോ സമീപവാസികളേയോ അറിയിക്കാതെ മൃതദേഹം മറവ്‌ ചെയ്യുകയായിരുന്നു. പിതാവ് സമാധിയായെന്ന് മക്കൾ പോസ്റ്റർ പതിക്കുകയും ചെയ്തതോടെയാണ് മരണം ചർച്ചയായത്. നാട്ടുകാർ സംഭവത്തിൽ ദുരൂഹത ആരോപിച്ച് രം​ഗത്തെത്തി. അയൽവാസിയുടെ പരാതിയിൽ പൊലീസ് മിസ്സിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks