തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ 13ാം സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനം ആരംഭിക്കുക. ഇത്തവണത്തേത് ബജറ്റ് സമ്മേളനമാണ്. ഫെബ്രുവരി 7ന് 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണവും 10, 11, 12 തീയതികളിൽ ബജറ്റിന്മേലുള്ള പൊതു ചർച്ചയും നടക്കും.
Follow the FOURTH PILLAR LIVE channel on WhatsApp
രാജേന്ദ്ര വിശ്വനാഥ് ആർലേകർ കേരള ഗവർണറായി സ്ഥാനമേറ്റ ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനമാണിത്. അദ്ദേഹത്തിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗവും. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിണറായി സർക്കാരിന് ആവശ്യത്തിലേറെ തലവേദന സൃഷ്ടിച്ചിരുന്നയാളാണ്. പുതിയ ഗവർണറുടെ നിലപാട് എന്താണെന്നു കണ്ടറിയാനിരിക്കുന്നതേയുള്ളൂ.
കേരള നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് വേദിയൊരുങ്ങുമ്പോൾ സ്വാഭാവികമായും ചിലരെല്ലാം അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ ഉണ്ടായ സംഭവവികാസങ്ങൾ ഓർക്കുന്നുണ്ടാവണം. തമിഴ്‌നാട് ഗവർണർ ആർ.എൻ.രവി അടുത്തിടെ നിയമസഭയിൽ നിന്നിറങ്ങിപ്പോയിരുന്നു. തൻ്റെ നയപ്രഖ്യാപന പ്രസംഗത്തിനു മുമ്പ് ദേശീയഗാനം ആലപിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തിൻ്റെ നടപടി. പകരം തമിഴ് നാടിന്റെ സംസ്ഥാനഗീതമായ തമിഴ് തായ് വാഴ്ത്ത് പാടിയതാണ് ഗവർണറെ ചൊടിപ്പിച്ചത്. ഗവർണർ പോയതിനുശേഷം സ്പീക്കർ എം.അപ്പാവ് നയപ്രഖ്യാപനം വായിച്ചു.
സംസ്ഥാന ഗീതം ആലപിക്കും മുമ്പ് ദേശീയഗാനം പാടണമെന്ന ഗവർണറുടെ ആവശ്യം തള്ളിയതിനെത്തുടർന്നാണ് സർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപനത്തിൻ്റെ ഒരു വരി പോലും വായിക്കാതെ രവി ഇറങ്ങിപ്പോയത്. ഗവർണർക്കെതിരെ ഡി.എം.കെ. സഖ്യ എം.എൽ.എമാർ നിയമസഭയിൽ പ്രതിഷേധിച്ചു. 2024 ഫെബ്രുവരിയിലും സമാനമായ കാരണങ്ങളാൽ നയപ്രഖ്യാപന പ്രസംഗം നടത്താൻ ഗവർണർ തയ്യാറായിരുന്നില്ല.
തമിഴ്‌നാട് നിയമസഭയിൽ ഭാരതത്തിൻ്റെ ഭരണഘടനയെയും ദേശീയഗാനത്തെയും വീണ്ടും അപമാനിച്ചതായി രാജ്ഭവൻ ആരോപിച്ചു. ‘നമ്മുടെ ഭരണഘടന അനുശാസിക്കുന്ന പ്രഥമ മൗലിക കർത്തവ്യങ്ങളിൽ ഒന്നാണ് ദേശീയഗാനത്തെ ബഹുമാനിക്കുക എന്നത്. എല്ലാ സംസ്ഥാന നിയമസഭകളിലും ഗവർണറുടെ പ്രസംഗത്തിൻ്റെ തുടക്കത്തിലും അവസാനത്തിലും ഇത് ആലപിക്കുന്നു. ദേശീയഗാനം ആലപിക്കാത്തത് ആശങ്കാജനകമാണ്. “ഭരണഘടനയോടും ദേശീയഗാനത്തോടുമുള്ള അനാദരവിലെ” കക്ഷിയാകാതിരിക്കാൻ ഗവർണർ കടുത്ത വേദനയോടെ സഭ വിട്ടു’ -രാജ്ഭവൻ്റെ പ്രസ്താവന പറഞ്ഞു.
എന്നാൽ കീഴ്വഴക്കമനുസരിച്ച് ഗവർണറുടെ പ്രസംഗത്തിനു മുമ്പ് സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്ത് ആലപിക്കുമെന്നാണ് തമിഴ്നാട് സർക്കാരിൻ്റെ വാദം. ഗവർണറുടെ അഭിസംബോധനയുടെ അവസാനം ദേശീയഗാനം ആലപിക്കുമെന്നും അവർ പറയുന്നു.
ഈ തർക്കത്തിൻ്റെ മറുവശം അറിയണമെങ്കിൽ മറ്റു സംസ്ഥാന നിയമസഭകളിൽ എന്താണ് നടക്കുന്നത് എന്നു നോക്കണം. ഓരോ നിയമസഭയും പ്രത്യേകം കീഴ്വഴക്കം ഇക്കാര്യത്തിൽ പിന്തുടരുന്നുണ്ട്. കേരളത്തിൽ എന്തായാലും നിയമസഭയിലെ ദേശീയ ഗാനത്തിൻ്റെ പേരിൽ ഒരു വിവാദമുണ്ടാവില്ല എന്നുറപ്പാണ്. ഗവർണർ നയപ്രഖ്യാപനത്തിനായി വേദിയിലെത്തുമ്പോഴും പ്രസംഗം കഴിഞ്ഞു പോകുമ്പോഴും ഇവിടെ ദേശീയ ഗാനം ആലപിക്കുന്ന കീഴ്വഴക്കമാണ് നിലവിലുള്ളത്.
എന്നാൽ എല്ലായിടത്തും അങ്ങനെയല്ല. ഉദാഹരണത്തിന്, നാഗാലാൻഡിൽ പതിറ്റാണ്ടുകളായി ദേശീയഗാനം ആലപിച്ചിരുന്നില്ല. 2021 ഫെബ്രുവരിയിലാണ് ആദ്യമായി അവിടെ ദേശീയഗാനം ആലപിക്കുന്നത്, ആർ.എൻ.രവി ഈ വടക്കുകിഴക്കൻ സംസ്ഥാനത്തിൻ്റെ ഗവർണറായിരുന്ന വേളയിൽ. അതുപോലെ, 2018 മാർച്ചിലാണ് ത്രിപുര നിയമസഭയിൽ ആദ്യമായി ദേശീയഗാനം ആലപിച്ചത്.
ഭരണഘടന അനുസരിക്കുകയും അതിൻ്റെ ആദർശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയ പതാകയെയും ദേശീയഗാനത്തെയും ബഹുമാനിക്കുകയും ചെയ്യേണ്ടത് ഇന്ത്യയിലെ ഓരോ പൗരൻ്റെയും കടമയാണെന്ന് മൗലിക കർത്തവ്യങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയുടെ 51(എ) വകുപ്പിലെ (എ) ഉപവകുപ്പ് പറയുന്നു.
ദേശീയഗാനത്തിൻ്റെ പൂർണരൂപം എപ്പോഴൊക്കെയാണ് പാടേണ്ടതെന്നതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്.
- സിവിൽ, സൈനിക സ്ഥാനാരോഹണ ചടങ്ങുകളിൽ ദേശീയഗാനം ആലപിക്കാം.
- ദേശീയ സല്യൂട്ട് നല്കുമ്പോൾ. അതായത് ആചാരപരമായ അവസരങ്ങളിൽ രാഷ്ട്രപതിക്കോ, ഗവർണർ അഥവാ ലെഫ്റ്റനൻ്റ് ഗവർണർ എന്നിവർക്ക് അതാത് സംസ്ഥാനങ്ങൾക്കുള്ളിലോ കേന്ദ്രഭരണ പ്രദേശങ്ങൾക്കുള്ളിലോ രാഷ്ടീയ സല്യൂട്ട് -സലാമി ശസ്ത്ര് എന്ന കമാൻഡിൻ്റെ അകമ്പടിയോടെ അഭിവാദ്യം നല്കുമ്പോൾ ദേശീയഗാനം ആലപിക്കാം.
- പരേഡുകൾ നടക്കുന്ന വേളയിൽ -മുകളിൽ രണ്ടാം വകുപ്പിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും വിശിഷ്ട വ്യക്തികൾ ഉണ്ടോ ഇല്ലയോ എന്ന പരിഗണനയില്ലാതെ തന്നെ ദേശീയഗാനം ആലപിക്കാം.
- സർക്കാർ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികൾ, പൊതു പരിപാടികൾ എന്നിവയിൽ രാഷ്ട്രപതി എത്തുകയും പോകുയും ചെയ്യുന്ന വേളകളിൽ ദേശീയഗാനം ആലപിക്കണം.
- ആകാശവാണിയിലൂടെ രാഷ്ട്രപതി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിനു മുമ്പും പിമ്പും ദേശീയഗാനം കേൾപ്പിക്കണം.
- ബന്ധപ്പെട്ട സംസ്ഥാനത്തോ കേന്ദ്ര ഭരണ പ്രദേശത്തോ നടക്കുന്ന സർക്കാർ പരിപാടികളിൽ അവിടത്തെ ഗവർണറോ ലെഫ്റ്റനൻ്റ് ഗവർണറോ വരുമ്പോഴും പോകുമ്പോഴും ദേശീയഗാനം ആലപിക്കണം.
- പരേഡിലേക്ക് ദേശിയ പതാക എത്തിക്കുമ്പോൾ ദേശീയഗാനം ആലപിക്കണം.
കരസേന റെജിമെൻ്റിലെ ചടങ്ങിൽ അവിടത്തെ പതാക അവതരിപ്പിക്കുമ്പോൾ ദേശീയഗാനം ആലപിക്കണം. - നാവികസേനയുടെ പതാക ഉയർത്തുമ്പോൾ ദേശീയഗാനം ആലപിക്കണം.
ദേശീയഗാനം സംഘമായി ആലപിക്കേണ്ടത് ഏപ്പോഴാണെന്നതിനും വ്യക്തമായ നിർദ്ദേശങ്ങളുണ്ട്. താഴെപ്പറയുന്ന അവസരങ്ങളിൽ ദേശീയഗാനം പൂർണ്ണമായി കേൾപ്പിക്കുകയും സംഘമായി പാടുകയും വേണം.
- ആചാരപരമായ ചടങ്ങുകളിലോ സാംസ്കാരിക പരിപാടികളിലോ ദേശീയ പതാക ഉയര്‍ത്തുമ്പോൾ ദേശീയഗാനം ആലപിക്കണം.
- സർക്കാർ പരിപാടിയിലോ പൊതുപരിപാടിയിലോ രാഷ്ട്രപതി എത്തുമ്പോഴും പോകുമ്പോഴും ദേശീയഗാനം പാടണം. വിരുന്നുകൾ പോലെ തീർത്തും ഔപചാരികമായ പരിപാടികളിൽ ദേശീയഗാനം ഒഴിവാക്കാം.
ഔദ്യോഗിക പരിപാടികളിൽ ദേശീയഗാനം ആലപിക്കാതിരിക്കുന്നത് ശിക്ഷാർഹമാണോ?
2019 ജനുവരി 29ന് മധുരയിൽ നടന്ന എയിംസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്‌നാട് ഗവർണർ ഭൻവാരിലാൽ പുരോഹിതും മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയും പങ്കെടുത്തിരുന്നു. ഈ ചടങ്ങിൽ ദേശീയ ഗാനവും തമിഴ് തായ് വാഴ്ത്തും ആലപിച്ചിരുന്നില്ല.
ഇതിനെ എതിർത്ത് വെമ്പു എന്ന സ്ത്രീ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ദേശീയ ഗാനം ആലപിക്കുന്നതു സംബന്ധിച്ച് ചട്ടങ്ങൾ പുറപ്പെടുവിക്കാൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു നിർദ്ദേശം നല്കണമെന്നും അതനുസരിച്ച് ദേശീയഗാനം ആലപിക്കാതിരുന്നതിന് ചീഫ് സെക്രട്ടറിയെ കുറ്റവിചാരണ ചെയ്ത് ശിക്ഷ വിധിക്കണമെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. എന്നാൽ ദേശീയഗാനം ആലപിക്കുന്നത് ഒരു കീഴ്വഴക്കം മാത്രമാണെന്നും അത് നിർബന്ധമാക്കുന്ന വ്യവസ്ഥ നിലവിലില്ലെന്നും ചൂണ്ടിക്കാട്ടി കോടതി ആ ഹർജി തള്ളി.
അപ്പോൾ ദേശഭക്തിയും ദേശീയഗാനവും അടിച്ചേല്പിക്കേണ്ടതല്ല. അത് ഉള്ളിൽ നിന്നു വരേണ്ടതാണ്. ദേശസ്നേഹം ഉണ്ടോ ഇല്ലയോ എന്നത് ആർക്കും തെളിയിച്ചുകൊടുക്കേണ്ട കാര്യമില്ല. ആരും ദേശസ്നേഹത്തിൻ്റെ മൊത്തക്കച്ചവടം ഏറ്റെടുക്കുകയും വേണ്ട.