Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. പുഞ്ച പാടങ്ങളിലെ നെൽകൃഷിക്ക് കർഷകർക്ക് ലഭ്യമാക്കുന്ന പുഞ്ച സബ്‌സിഡി വിതരണത്തിന് 28 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങൾക്ക് പൊതുആവശ്യങ്ങൾക്ക് വിനിയോഗിക്കാനാകുന്ന ജനറൽ പർപ്പസ് ഫണ്ടിന്റെ ഒരു ഗഡുകൂടിയാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകൾക്ക് 150 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 10 കോടിയും ജില്ലാ പഞ്ചായത്തുകൾക്ക് 7 കോടിയുമാണ് ലഭിക്കുക. മുൻസിപ്പാലിറ്റികൾക്ക് 26 കോടിയും കോർപറേഷനുകൾക്ക് 18 കോടിയും അനുവദിച്ചു.
ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലെ കർഷകർക്കാണ് പുഞ്ച സബ്സിഡി വിതരണം. ബജറ്റിൽ നീക്കിവച്ചിരുന്ന 15.75 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. അധിക വകയിരുത്തൽ വഴിയാണ് ഇപ്പോൾ കൂടുതൽ തുക നൽകുന്നത്.
കേന്ദ്ര സർക്കാർ നയങ്ങൾ മുലമുള്ള സാമ്പത്തിക ഞെരുക്കത്തിനിടയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള തുക പൂർണമായും ലഭ്യമാക്കുകയെന്ന പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ധനകാര്യ മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വർഷം ഇതിനകം 10,222 കോടി രുപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചു.
























