ബോബി ഇറങ്ങി; നാടകം പൊളിച്ച്‌ കോടതിയും പൊലീസും

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: എല്ലാം വളരെ പെട്ടെന്നായിരുന്നു. നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ ചൊവ്വാഴ്‌ച ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണൂർ ബുധനാഴ്‌ച വളരെവേഗം ജയിലിൽനിന്ന്‌ പുറത്തിറങ്ങി. കോടതിയുടെ രൂക്ഷവിമർശം പിന്നാലെയെത്തി; ഒട്ടും താമസിക്കാതെ ബോബിയുടെ മാപ്പും.

ബുധൻ രാവിലെ 9.50നാണ്‌ ബോബി കാക്കനാട്‌ ജില്ലാ ജയിലിൽനിന്ന്‌ പുറത്തിറങ്ങിയത്‌. ജാമ്യം അനുവദിച്ചിട്ടും ജയിലിൽനിന്നിറങ്ങാതിരുന്നത്‌ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന്‌ അഭിഭാഷകനെ വിളിപ്പിച്ചു. ഇതിനിടയിലാണ്‌ ജാമ്യ ഉത്തരവും ബോണ്ട്‌ രേഖകളും ജയിലിൽ എത്തിച്ച്‌ പുറത്തിറങ്ങിയത്‌.

ജാമ്യം കിട്ടാതെ വിഷമിക്കുന്നവരുണ്ടെന്നും അവരെ സഹായിക്കാനാണ്‌ ഒരുദിവസംകൂടി ജയിലിൽനിന്നതെന്നും മാധ്യമങ്ങളോട്‌ പ്രതികരിച്ച്‌ തിടുക്കത്തിൽ വാഹനത്തിൽ കയറി പോകുകയായിരുന്നു. ഇതിനിടെ, സ്വീകരണനാടകം ഒരുക്കാനുള്ള മെൻസ്‌ അസോസിയേഷന്റെയും അനുയായികളുടെയും നീക്കം പൊലീസ്‌ പൊളിച്ചു. അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞ പൊലീസ്‌, പടക്കം പിടിച്ചുവാങ്ങി. കേസെടുക്കുമെന്ന് മുന്നറിയിപ്പ്‌ നൽകിയതോടെ ഇവർ പിൻവാങ്ങി.

ജാമ്യത്തുക കെട്ടിവയ്ക്കാനില്ലാത്ത റിമാൻഡ് തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ബോബി ജയിലിൽ തുടരുകയാണെന്ന വിവരം പുറത്തുവന്നതോടെയാണ് ഹൈക്കോടതി അസാധാരണ നടപടിയിലേക്ക്‌ കടന്നത്‌.

ബുധൻ രാവിലെ ബോബിയുടെ അഭിഭാഷകനെ വിളിച്ചുവരുത്തി ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ രൂക്ഷമായി വിമർശിച്ചു. ‘രാവിലെ 10.15, പകൽ 12, 1.45 എന്നിങ്ങനെ 3 തവണയായാണ്‌ കേസ് വിളിച്ചത്. ഹൈക്കോടതിയോടാണ്‌ കളിക്കുന്നത്‌. എന്തും ആകാമെന്നാണോ. ഇന്നലെ വൈകിട്ട്‌ 4.45ന് റിലീസിങ് ഓർഡർ നൽകി. എന്നിട്ടും പുറത്തിറങ്ങിയില്ല. കോടതിയോട്‌ നാടകം കളിക്കരുത്. ബാക്കിയുള്ള അന്തേവാസികളുടെ വക്കാലത്ത് ബോബി ഏറ്റെടുക്കണ്ട. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും ഒരു മാസത്തിനുള്ളിൽ വിചാരണ തുടങ്ങാനും ഉത്തരവിടും. പിന്നെ തടവുകാർക്കൊപ്പം കിടക്കാം. ജാമ്യം നൽകാൻ മാത്രമല്ല, റദ്ദാക്കാനും അറിയാം. തനിക്കു മുകളിൽ ആരുമില്ലെന്നാണ്‌ ബോബിയുടെ ധാരണ. വേണമെങ്കിൽ, ഇപ്പോൾ അറസ്റ്റ് ചെയ്യാൻ ഉത്തരവിടാം. മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമങ്ങളാണ് ജയിലിൽ ഉണ്ടായത്‌’ -കോടതി പറഞ്ഞു.

ബോബിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശമെത്തിയതിനു പിന്നാലെ മാധ്യമങ്ങൾക്കുമുന്നിൽ ബോബി കോടതിയോട്‌ മാപ്പ്‌ ചോദിച്ചു. ഒരുപാടുപേർ ജയിലിൽ സഹായം ചോദിച്ചിരുന്നുവെന്നും എന്നാൽ, അതുകൊണ്ടല്ല പുറത്തിറങ്ങാതിരുന്നതെന്നും പറഞ്ഞു. ‘ജാമ്യ ഉത്തരവ്‌ ജയിലിൽ എത്താതിരുന്നതിനാലാണ്‌ ഇറങ്ങാതിരുന്നത്‌. കോടതിയോട്‌ മാപ്പ്‌ ചോദിക്കുന്നു. കോടതിയെ ധിക്കരിക്കില്ല. എന്റെ വാക്കുകൊണ്ട്‌ ആർക്കെങ്കിലും വേദനയുണ്ടായെങ്കിൽ അവരോടും മാപ്പ്‌ ചോദിക്കുന്നു. ഭാവിയിൽ ആവർത്തിക്കില്ല. വാക്കുകളിൽ ശ്രദ്ധിക്കും. ജയിലിനുപുറത്ത്‌ പടക്കം പൊട്ടിക്കാൻവന്നവരുമായി ബന്ധമില്ല. വന്നവർ ആരെന്ന്‌ അറിയില്ല’ -ബോബി പറഞ്ഞു.

ബോബി ഇനി അനാവശ്യമായി വാ തുറക്കില്ലെന്ന് അഭിഭാഷകൻ വഴി കോടതിയെ അറിയിച്ചു. ഒളിമ്പിക്സിൽ സ്വർണം കിട്ടിയതുപോലെയാണല്ലോ ബോബി പുറത്തിറങ്ങിയതെന്ന് ഹൈക്കോടതി ചോദിച്ചു. കക്ഷി തെറ്റായ കമന്റ് ആവർത്തിക്കില്ലെന്ന് പറയുന്ന അഭിഭാഷകർ സൂക്ഷിക്കണം. നിങ്ങളും കുടുങ്ങാൻ സാധ്യതയുണ്ടെന്നും കോടതി ബോബിയുടെ അഭിഭാഷകരെ ഓർമിപ്പിച്ചു. ജാമ്യാപേക്ഷ ലഭിച്ചിട്ടും പുറത്തിറങ്ങാത്തത് കോടതി അവഹേളിക്കാനല്ലെന്നും ഗതാഗതക്കുരുക്ക് കാരണം റിലീസ് ഓർഡർ ജയിലിൽ എത്തിക്കാൻ വൈകിയതാണെന്നും ബോബിയുടെ അഭിഭാഷകൻ പറഞ്ഞു.

സഹതടവുകാരെ സഹായിക്കാൻ വേണ്ടി ജയിലിൽനിന്ന് ഇറങ്ങാതിരുന്നതല്ല. നാക്കുപിഴ സംഭവിച്ചതാണ്. രാവിലെ ജാമ്യ ഉത്തരവ് കൈമാറി ഉടനെ പുറത്തിറങ്ങിയെന്നും അറിയിച്ചു. എന്നാൽ, അയാൾ ഏതു ദിവസം ഇറങ്ങിയാലും കോടതിക്ക് ഒന്നുമില്ലെന്നും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. റിലീസിങ് ഓർഡർ എത്തുന്നതിനായി 7 മണി വരെ ജയിൽ അധികൃതർ കാത്തുനിന്നെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു.

ജാമ്യം നൽകിയെങ്കിലും ബോബി പ്രഥമദൃഷ്ട്യാ തെറ്റുകാരനാണെന്നും ഓർമിപ്പിച്ചശേഷം ജയിലിലെ സംഭവവുമായി ബന്ധപ്പെട്ട കേസ്‌ കോടതി തീർപ്പാക്കി.

Recent Articles

Related Articles

Special