29 C
Trivandrum
Saturday, March 15, 2025

ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി, ഉത്തരവ് വൈകീട്ട്

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ പ്രതിയായ ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ബോബി ചെമ്മണൂരിന്റെ ജാമ്യഹര്‍ജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ച വൈകീട്ട് 3.30ഓടെ ഹൈക്കോടതി ജാമ്യഉത്തരവ് പുറത്തിറക്കും. ഇതിനുപിന്നാലെ ബോബിക്ക് ജയില്‍മോചിതനാകാം.

ബോബിയുടെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. ബോബി ചെമ്മണൂരിനെ എന്തിന് കസ്റ്റഡിയില്‍ വിടണമെന്ന ചോദ്യത്തിന് പ്രതി നടിയെ തുടര്‍ച്ചയായി അപമാനിച്ചെന്നും നിരന്തരം അശ്ലീലപരാമര്‍ശം നടത്തിയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

എന്നാല്‍, പ്രതി റിമാന്‍ഡിലായപ്പോള്‍തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നായിരുന്നു കോടതിയുടെ മറുപടി. ബോബിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള ഹാജരായി.

കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ ദൃശ്യങ്ങളടക്കം കോടതി പരിശോധിച്ചു. എന്തിനാണ് ഇയാള്‍ ഇങ്ങനെയൊക്കെ കാണിക്കുന്നതെന്നായിരുന്നു ദൃശ്യങ്ങള്‍ കണ്ടശേഷം കോടതിയുടെ ചോദ്യം. അതിനിടെ, ആ സമയത്ത് നടിക്ക് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്ന് പ്രതിഭാഗം പറഞ്ഞു. എന്നാല്‍, നടിയുടെ മാന്യത കൊണ്ടാണ് അവര്‍ ചടങ്ങില്‍വെച്ച് പ്രതികരിക്കാതിരുന്നതെന്ന് കോടതി പറഞ്ഞു.

നേരത്തെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ബോബിയുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. തുടര്‍ന്നാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചത്.

കേസില്‍ റിമാന്‍ഡിലായ ബോബി ചെമ്മണൂര്‍ നിലവില്‍ കാക്കനാട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. റിമാന്‍ഡിലായി ആറാം ദിവസമാണ് ഹൈക്കോടതി ബോബിക്ക് ജാമ്യം അനുവദിക്കാമെന്ന് വ്യക്തമാക്കിയത്. ജാമ്യം ഉത്തരവ് പുറത്തിറങ്ങുന്നതോടെ ചൊവ്വാഴ്ചതന്നെ ബോബി ചെമ്മണൂര്‍ ജയില്‍മോചിതനായേക്കും.

Recent Articles

Related Articles

Special

Enable Notifications OK No thanks