29 C
Trivandrum
Friday, January 17, 2025

ഇന്ത്യ മുന്നണിയിൽ നിന്ന് കോൺഗ്രസ് പുറത്ത്, ഡൽഹി തിരഞ്ഞെടുപ്പിൽ പുതിയ സഖ്യം

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരേ വിമർശനം കടുപ്പിച്ച് ആം ആദ്മി പാർട്ടി. ഡൽഹിയിൽ നടക്കുന്നത് ആം ആദ്മി പാർട്ടിയും ബി.ജെ.പി.യും തമ്മിലുള്ള മത്സരമാണെന്ന് ആവർത്തിച്ച് ആം ആദ്മി കൺവീനർ അരവിന്ദ് കെജ്‍രിവാൾ. ബി.ജെ.പിക്ക് കോൺഗ്രസ് നിശ്ശബ്ദപിന്തുണ നൽകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Follow the FOURTH PILLAR LIVE channel on WhatsApp 

ഡൽഹിയിലെ സംഭവവികാസം ഇന്ത്യ സഖ്യത്തിനകത്തും അസ്വാരസ്യം കനപ്പിച്ചിട്ടുണ്ട്. ഡൽഹിയിൽ ആം ആദ്മിയെ പിന്തുണയ്ക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടിയിരുന്നതെന്ന അഭിപ്രായം സഖ്യകക്ഷികൾക്കുണ്ട്. കോൺഗ്രസ് സമീപനത്തോടുള്ള വിയോജിപ്പിന്റെ പ്രതിഫലനമാണ് ആം ആദ്മി പാർട്ടിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചതിലൂടെ തൃണമൂൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും പ്രകടിപ്പിച്ചത്.

ഡൽഹി പോരിൽ എ.എ.പിക്ക് ശിവസേനാ ഉദ്ധവ് വിഭാഗവും പിന്തുണ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ സഖ്യത്തിലുള്ള കോൺഗ്രസിനെ ഡൽഹിയിൽ തള്ളിയാണ് എ.എ.പിക്കൊപ്പം നിലയുറപ്പിച്ചത്. ഇന്ത്യാ മുന്നണിയിലെ കക്ഷികളെ ചേർത്തു നിർത്തുന്നതിൽ മുഖ്യപങ്കു വഹിക്കേണ്ടതു കോൺഗ്രസ് ആണെന്നും ഇപ്പോഴത്തെ സാഹചര്യത്തിന് ഉത്തരവാദിയും അവർ തന്നെയാണെന്നും ശിവസേനാ ഉദ്ധവ് വിഭാഗം ആരോപിച്ചു.

ഡൽഹിയിൽ ശിവസേനയ്ക്ക് സ്വാധീനമില്ലാത്തതിനാൽ അവരുടെ നിലപാട് കോൺഗ്രസ് കാര്യമാക്കുന്നില്ല. എന്നാൽ, ദേശീയ കെട്ടുറപ്പിനെ സേനാ നീക്കം ബാധിക്കും. മുംബൈയിൽ അടക്കം നടക്കാനിരിക്കുന്ന കോർപറേഷൻ തിരഞ്ഞെടുപ്പിലും കോൺഗ്രസ് സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിക്കാനാണ് ഉദ്ധവ് പക്ഷത്തിന്റെ നീക്കം.

ഇന്ത്യസഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടി രൂപവത്കരിച്ചതാണെന്ന് കഴിഞ്ഞ ദിവസം ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് പ്രതികരിച്ചതിനുപിന്നാലെ അങ്ങനെയെങ്കിൽ ഇന്ത്യസഖ്യം പിരിച്ചുവിടുന്നതാണ് നല്ലതെന്ന് നാഷണൽ കോൺഫ്രൻസ് നേതാവും ജമ്മു-കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള അഭിപ്രായപ്പെട്ടു.

ഡൽഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യസഖ്യകക്ഷികൾ നടത്തുന്ന അഭിപ്രായപ്രകടനത്തോട് കോൺഗ്രസിന് നീരസമുണ്ട്. ഡൽഹിയിൽ പാർട്ടി എന്ത് നിലപാട് സ്വീകരിക്കണമെന്ന് ഇന്ത്യസഖ്യകക്ഷികളല്ല തീരുമാനിക്കേണ്ടതെന്ന് കോൺഗ്രസ് നേതാവ് മണിക്കം ടാഗോർ പ്രതികരിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലും ഹരിയാണയിലും ഗുജറാത്തിലും സഹകരിച്ച ഇരുപാർട്ടികളും പിന്നീട് അകന്നത് ഹരിയാണ തിരഞ്ഞെടുപ്പോടെയാണ്. ഹരിയാണയിൽ ആം ആദ്മിയെ സഹകരിപ്പിക്കാൻ കോൺഗ്രസ് തയ്യാറായില്ല. മഹാരാഷ്ട്രയിലും തിരിച്ചടി ആവർത്തിച്ചതോടെയാണ് ഇന്ത്യസഖ്യത്തിനകത്ത് പരസ്യമായ അതൃപ്തികൾ മുഴങ്ങിയത്.

അതേസമയം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ ഒരുമിച്ച് മത്സരിക്കുകയാണ്. സി.പി.എം., സി.പി.ഐ., സി.പി.ഐ.എം.എൽ. പാർട്ടികൾ 2 സീറ്റുകളിൽവീതം 6 സീറ്റുകളിലാണ് മത്സരിക്കുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks