Follow the FOURTH PILLAR LIVE channel on WhatsApp
കല്പറ്റ: വയനാട് ഡി.സി.സി. ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ അപ്രത്യക്ഷനായ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. കർണാടകത്തിൽ. സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് കർണാടകയിൽ എത്തിയതാണെന്ന് വിഡിയോ സന്ദേശത്തിലൂടെ എം.എൽ.എ. തന്നെയാണ് അറിയിച്ചത്. ഒളിവിലാണെന്ന വാർത്ത അടിസ്ഥാനരഹിതമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അർബൻ ബാങ്കിൽ നിയമനം നൽകണമെന്നാവശ്യപ്പെട്ട് ബാലകൃഷ്ണൻ നൽകിയ കത്ത് പുറത്തു വന്നു.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കേസിൽ ഒന്നാം പ്രതിയായതോടെ ഐ.സി.ബാലകൃഷ്ണനെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. കേസെടുത്തതിനു പിന്നാലെ എം.എൽ.എ. ഉൾപ്പെടെയുള്ളവർ മുൻകൂർ ജാമ്യത്തിനായി പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ബാലകൃഷ്ണൻ, ഡി.സി.സി. പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ എന്നിവരെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാൽ നിർദേശം നൽകി. ഇതിനു പിന്നാലെയാണ് ഐ.സി.ബാലകൃഷ്ണൻ വിഡിയോ സന്ദേശം പുറത്തുവിട്ടത്. കെ.കെ.ഗോപിനാഥൻ ഹൈക്കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
‘ജനപ്രതിനിധി എന്ന നിലയ്ക്ക് ഒളിവിൽ പോകേണ്ട ആളല്ല. നീതിന്യായ കോടതിയിൽ വിശ്വാസമുണ്ട്. നീതി ലഭിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇടതുപക്ഷം കുറേക്കാലമായി എന്നെ വേട്ടയാടുകയാണ്. എന്നോട് രാഷ്ട്രീയ പക പോക്കൽ നടത്തുകയാണ്. എന്റെ ജനകീയത സി.പി.എമ്മിന് സഹിക്കാൻ കഴിയാത്തതിന്റെ ഭാഗമായാണ് ഭരണ സ്വാധീനം ഉപയോഗിച്ച് കള്ളക്കേസിൽപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത്. അതിനെ ഭയപ്പെടുന്നില്ല’–ബാലകൃഷ്ണൻ പറഞ്ഞു.
അര്‍ബൻ ബാങ്ക് സ്വീപ്പര്‍ തസ്തകയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ മകളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള എം.എൽ.എയുടെ പേരിലുള്ള കത്ത് പുറത്തുവന്നത് വിവാദത്തിന് തീ പകർന്നിട്ടുണ്ട്. 2021 ജൂണിൽ നൽകിയ കത്താണ് പുറത്തുവന്നിരിക്കുന്നത്.
























