ആലപ്പുഴ: മുസ്‌ലിം ലീഗിനെതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്‌ലിം ന്യൂനപക്ഷത്തെ മതരാഷ്ട്രവാദികൾക്ക് എറിഞ്ഞു കൊടുക്കുകയാണെന്നും ആരെയും ഒപ്പം കൂട്ടുന്ന അവസ്ഥയിലാണു ലീഗെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
Follow the FOURTH PILLAR LIVE channel on WhatsApp
മഹാഭൂരിപക്ഷം മുസ്‌ലിംകൾ തള്ളിക്കളഞ്ഞ മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്‌ലാമിയെയും എസ്‍.ഡി.പി.ഐയെയും ഒപ്പം കൂട്ടി തുറന്ന സഖ്യത്തിലേക്കാണു ലീഗിൻ്റെ പോക്ക്. സംഘപരിവാറിനും ജമാഅത്തെ ഇസ്‌ലാമിക്കും ഒരുപോലെ സ്വീകാര്യരായവരെ യു.ഡി.എഫ്. മത്സരിപ്പിച്ചാൽ അദ്ഭുതമില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. വിജയം ആദ്യം ആഘോഷിച്ചത് എസ്‍.ഡി.പി.ഐയാണ്. ഇത് എങ്ങനെ സംഭവിക്കുന്നെന്ന് ഗൗരവമായി പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസിന്റെ അനുഭവം ലീഗ് ഓർത്താൽ നല്ലത്. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന സംസ്ഥാനങ്ങളിൽ ബി.ജെ.പി. പിടിമുറുക്കി. വർഗീയതയെ എതിർക്കാതിരുന്നതിന്റെ ഫലമാണത്. തങ്ങൾ ഒരു കച്ചവടത്തിനുമില്ല, സീറ്റിനും വോട്ടിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.