29 C
Trivandrum
Saturday, March 15, 2025

വാളയാര്‍ കേസില്‍ വഴിത്തിരിവ്: പെണ്‍കുട്ടികളുടെ അച്ഛനമ്മമാർ പ്രതികൾ

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: വാളയാര്‍ കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേര്‍ത്ത് സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു. വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ചെയ്ത 6 കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ അന്വേഷണം നടത്തിയ സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റാണ് കൊച്ചി സി.ബി.ഐ. കോടതിയില്‍ അനുബന്ധ കുറ്റപത്രം നല്‍കിയത്.

വാളയാറിലെ സഹോദരിമാരായ 2 പെണ്‍കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നാണ് സി.ബി.ഐ അന്വേഷണത്തിലെ കണ്ടെത്തല്‍. ആത്മഹത്യാ പ്രേരണാക്കുറ്റം, ബലാത്സംഗ പ്രേരണാക്കുറ്റം, പീഡനവിവരം അറിഞ്ഞിട്ടും അതു മറച്ചുവെയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കുട്ടികളുടെ അച്ഛനും അമ്മയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

പോക്സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെയാണ് പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്. കുട്ടികള്‍ പലതവണ ചൂഷണത്തിനിരയായ വിവരം മാതാപിതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായാണ് സി.ബി.ഐ. അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണെന്നായിരുന്നു സി.ബി.ഐ.യുടെയും കണ്ടെത്തല്‍. കേസില്‍ നേരത്തെ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിക്കുകയുംചെയ്തിരുന്നു. എന്നാല്‍, കോടതി നിര്‍ദേശപ്രകാരം തുടരന്വേഷണം നടത്തി. ഈ അന്വേഷണത്തിനൊടുവിലാണ് കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

2017 ജനുവരി 13, മാര്‍ച്ച് 4 തീയതികളിലായാണ് വാളയാറിലെ 13, 9 വയസ്സുള്ള സഹോദരിമാരെ ഒറ്റമുറി ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Recent Articles

Related Articles

Special

Enable Notifications OK No thanks