Follow the FOURTH PILLAR LIVE channel on WhatsApp
പാലക്കാട്: സി.ബി.ഐയെക്കാൾ കേരള പൊലീസാണ് നല്ലതെന്ന് ഇപ്പോൾ തോന്നുന്നുവെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സി.ബി.ഐയിൽ വിശ്വാസമില്ലാതായി. മക്കളുടെ മരണത്തിൽ സി.ബി.ഐ. അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടാൻ കഴിയുമെന്ന വിശ്വാസം നഷ്ടപ്പെട്ടു. യഥാർഥ പ്രതികളെ പറയാൻ കഴിയാത്തത് കൊണ്ടാണ് സി.ബി.ഐ. മാതാപിതാക്കളെ പ്രതി ചേർത്തത്. ഇതിനെ നിയമപരമായി നേരിടുമെന്നും മാതാവ് പറഞ്ഞു.
നിരപരാധിത്വം തെളിയിക്കും. ആരോപണം ഉന്നയിക്കുന്ന സി.ബി.ഐ. തെളിവു തരട്ടെ. മക്കളുടേത് കൊലപാതകമെന്ന കാര്യം ഒരിക്കൽ തെളിയും. കേസ് അട്ടിമറിക്കാൻ തന്നെയാണ് സി.ബി.ഐയുടെയും ലക്ഷ്യം. യഥാർഥ പ്രതികളിലേക്ക് അവര്‍ക്ക് എത്താൻ കഴിയാത്തതിനാലാണ് മാതാപിതാക്കളെ പ്രതി ചേര്‍ത്തത്. കേസ് അന്വേഷണം ശരിയായ ദിശയിൽ ആയിരുന്നില്ലെന്നതിന്‍റെ തെളിവാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ – പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
കുഞ്ഞ് മരിക്കുന്നതിനു മുൻപെ പീഡിപ്പിക്കപ്പെട്ട കാര്യം മാതാപിതാക്കള്‍ അറിഞ്ഞിരുന്നുവെന്നാണ് പറയുന്നത്. ഇതിനാലാണ് ഇപ്പോള്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. അങ്ങനെ അറിഞ്ഞിരുന്നെങ്കിൽ ഇന്ന് താൻ ഇങ്ങനെ മാധ്യമങ്ങള്‍ക്ക് മുന്നിൽ നിൽക്കുമായിരുന്നില്ല. ആദ്യത്തെ മകള്‍ പീഡനത്തിനിരയായത് അറിയാൻ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് തരാൻ ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല. രണ്ടാമത്തെ മകളും മരിച്ചശേഷമാണ് അത് ലഭിക്കുന്നത്. അപ്പോഴാണ് രണ്ടു പേരും പീഡിപ്പിക്കപ്പെട്ടുവെന്ന് അറിഞ്ഞത് -അവർ പറഞ്ഞു.