Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പുണ്ടാക്കി എന്ന പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഐ.എ.എസ്. ഉദ്യോഗസ്ഥൻ കെ.ഗോപാലകൃഷ്ണൻ്റെ സസ്പെൻഷൻ പിൻവലിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച വൈകീട്ട് പുറത്തിറങ്ങി.
സസ്പെൻഷൻ പിൻവലിച്ചുവെങ്കിലും ഗോപാലകൃഷ്ണന് തല്ക്കാലം പോസ്റ്റിങ് നല്കിയിട്ടില്ല. ഇതു സംബന്ധിച്ച തീരുമാനം പിന്നീടുണ്ടാവും.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അദ്ധ്യക്ഷയായ റിവ്യൂ കമ്മിറ്റി സസ്പെൻഷൻ പിൻവലിക്കണമെന്ന ശുപാർശയുമായി ഫയൽ മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. ചീഫ് സെക്രട്ടറിക്കു പുറമെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ കമ്മിറ്റിയാണ് വിഷയം പരിഗണിച്ചത്. ആരോപണം സംബന്ധിച്ച് ഗോപാലകൃഷ്ണൻ നല്കിയ മറുപടി വിശദമായി പരിശോധിച്ച ശേഷമാണ് റിവ്യൂ കമ്മിറ്റി തീരുമാനം മുഖ്യമന്ത്രിക്കു വിട്ടത്.
വിവാദ വാട്ട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയതു ഗോപാലകൃഷ്ണനാണെന്നു അന്വേഷണത്തിൽ തെളിയിക്കാനായിരുന്നില്ല. ഫോൺ ഫോർമാറ്റ് ചെയ്യപ്പെട്ടിരുന്നതിനാൽ പൊലീസിന് തെളിവു ലഭിച്ചില്ല. പരാതിക്കാരനില്ലാത്തതിനാൽ ഇതു സംബന്ധിച്ച് കേസെടുക്കാൻ പറ്റില്ലെന്ന നിലപാടും പൊലീസ് സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗോപാലകൃഷ്ണനെ സർവീസിൽ തിരിച്ചെടുക്കാൻ തീരുമാനമായത്.