ഡി.സി.സി. ട്രഷററുടെ ആത്മഹത്യ: ഐ.സി.ബാലകൃഷ്ണനെതിരെ അത്മഹത്യാ പ്രേരണാക്കുറ്റം

Follow the FOURTH PILLAR LIVE channel on WhatsApp 

സുൽത്താൻ ബത്തേരി: സഹകരണ ബാങ്കുകളിലെ നിയമനക്കോഴയുമായി ബന്ധപ്പെട്ട് വയനാട് ഡി.സി.സി. ട്രഷറർ എൻ.എം.വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ഡി.സി.സി. പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ഡി.സി.സി. ട്രഷറർ കെ.കെ.ഗോപിനാഥൻ, അന്തരിച്ച ഡി.സി.സി. പ്രസിഡന്റ് പി.വി.‌ബാലചന്ദ്രൻ എന്നിവരാണു മറ്റു പ്രതികൾ. ഇതിൽ കെ.കെ.​ഗോപിനാഥൻ കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടയാളാണ്. തന്റെ ജീവന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഈ 4 നേതാക്കൾക്കുമായിരിക്കും ഉത്തരവാദിത്തമെന്നു വിജയന്റെ ആത്മഹത്യാ കുറിപ്പിലുണ്ട്.

ആത്മഹത്യ പ്രേരണാക്കുറ്റത്തിനു ബത്തേരി പൊലീസ് ബുധനാഴ്ച കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് എൻ.എം.വിജയന്റെ കത്തിൽ പരാമർശിക്കുന്നവരെ വ്യാഴാഴ്ച പ്രതികളാക്കി. വിജയന്റെയും മകന്റെയും മരണത്തിൽ അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തത്. ആത്മഹത്യാ കുറിപ്പ് വന്നതിനു പിന്നാലെയാണ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു കേസെടുത്തത്.

എൻ.എം.വിജയൻ നൽകിയെന്ന് പറയപ്പെടുന്ന കത്തിന്റെ ആധികാരികത പരിശോധിച്ചശേഷം നടപടിയെടുക്കുമെന്നായിരുന്നു പൊലീസ് നേരത്തേ അറിയിച്ചിരുന്നത്. കത്തുമായി ബന്ധപ്പെട്ട് വിജയന്റെ കുടുംബത്തോട് പൊലീസ് ചില കാര്യങ്ങൾ അന്വേഷിച്ചിരുന്നു. വിജയന്റെ കൈയക്ഷരമുൾപ്പെടെയുള്ളവയെക്കുറിച്ചായിരുന്നു അന്വേഷണമെന്നാണ് വിവരം. ഡിജിറ്റൽ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

എൻ.എം.വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് കെ.പി.സി.സിയും അദ്ദേഹത്തിന്റെ കുടുംബവും കഴിഞ്ഞദിവസം അനുനയത്തിലെത്തിയിരുന്നു. പാർട്ടിക്കൊപ്പം നിൽക്കുന്നുവെന്നാണ് കെ.പി.സി.സി. സംഘം സന്ദർശിച്ചതിനുപിന്നാലെ എൻ.എം.വിജയന്റെ കുടുംബം വ്യക്തമാക്കിയത്. ഇതിനിടെയിലാണ് പൊലീസിന്റെ പുതിയ നീക്കം. കേസ് രജിസ്റ്റർ ചെയ്തതോടെ ഐ.സി.ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പൊലീസിനു മുന്നിൽ ഹാജരാകേണ്ടി വരും.

COMMENT

Recent Articles

Related Articles

Special