ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജി പ്രഖ്യാപിച്ചു. ലിബറൽ പാര്‍ട്ടിയുടെ നേതൃസ്ഥാനം രാജിവെക്കുന്നതായും അദ്ദേഹം അറിയിച്ചു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നും ട്രൂഡോ വ്യക്തമാക്കി. പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കത്തെത്തുടര്‍ന്നാണ് രാജിയെന്ന് ട്രൂഡോ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം മോശമായി തുടരുന്നതിനിടെയാണ് ട്രൂഡോയുടെ രാജി. കഴിഞ്ഞ 11 വര്‍ഷമായി പാര്‍ട്ടിയുടെ നേതാവാണ് ട്രൂഡോ. ഇതില്‍ 9 വര്‍ഷവും കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്ത് അദ്ദേഹമായിരുന്നു. പാര്‍ട്ടിയിലെ വലിയ വിഭാഗം എതിരായതോടെയാണ് ട്രൂഡോയുടെ രാജി. കനേഡിയന്‍ പാര്‍ലമെന്റിലെ ലിബറല്‍ പാര്‍ട്ടിയുടെ 153 എം.പിമാരില്‍ 131ഓളം പേര്‍ പാര്‍ട്ടിക്ക് എതിരാണെന്നായിരുന്നു റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ 20 മുതല്‍ 23 എം.പിമാരുടെ പിന്തുണ മാത്രമാണ് ട്രൂഡോയ്ക്ക് ഉള്ളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. ലിബറല്‍ പാര്‍ട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച ചേരാനിരിക്കേയാണ് രാജി.
സെപ്റ്റംബറിൽ മോൺട്രിയോൾ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയുടെ സ്ഥാനാർഥി ലോറ പലസ്തീനി തോറ്റതോടെയാണ് ട്രൂഡോയുടെ രാജിക്കായി ആവശ്യം ശക്തമായത്. പാർട്ടിയുടെ ഏറ്റവും സുരക്ഷിത സീറ്റാണ് ബ്ലോക് ക്യൂബെക്കോയ് സ്ഥാനാർഥി ലൂയി ഫിലിപ് സോവ് പിടിച്ചെടുത്തത്. ലിബറൽ പാർട്ടിയുടെ പ്രധാന നേതാക്കളായ സീൻ കാസെ, കെൻ മക്ഡോണൾഡ് തുടങ്ങിയവർ പരസ്യമായിത്തന്നെ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടു. ട്രൂഡോ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് 20ഓളം ലിബറൽ എം.പിമാർ ഒപ്പിട്ട നിവേദനവും സമർപ്പിച്ചു.
ഡിസംബറിൽ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് കൂടി സർക്കാരിൽനിന്ന് രാജിവച്ചതോടെയാണ് ട്രൂഡോയ്ക്ക് നിൽക്കക്കളിയില്ലാതായത്. സാമ്പത്തിക പ്രതിസന്ധി, യു.എസും ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ എന്നിവ ട്രൂഡോ കൈകാര്യംചെയ്യുന്ന രീതിയിൽ പ്രതിഷേധിച്ചായിരുന്നു ക്രിസ്റ്റിയയുടെ രാജി. ക്രിസ്റ്റിയയുടെ രാജിക്കുശേഷം അധികം പൊതുപരിപാടികളിൽ പങ്കെടുക്കാതെ കഴിയുകയായിരുന്നു ട്രൂഡോ.
ആഭ്യന്തര സംഘർഷങ്ങൾക്ക് കനംകൂട്ടും വിധം അടുത്തിടെ നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും ലിബറൽ പാർട്ടി പരാജയപ്പെട്ടതോടെ ട്രൂഡോയുടെ രാഷ്ട്രീയ ഭാവിയ്ക്കു മീതെ ഇരുളു പരക്കുകയായിരുന്നു.അതിനൊപ്പം പഴയ വിശ്വസ്തരും സഖ്യകക്ഷിയുമായിരുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടിയും ട്രൂഡോയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ജനുവരി 27ന് പ്രമേയം അവതരിപ്പിച്ച് ട്രൂഡോയെ പുറത്താക്കുമെന്നായിരുന്നു എൻ.ഡി.പി. നേതാവ് ജഗ്മീത് സിങ് പറഞ്ഞത്.
ജസ്റ്റിൻ ട്രൂഡോയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ആഴ്ചകളോളം നീണ്ട ഊഹാപോഹങ്ങൾക്കാണ് രാജി പ്രഖ്യാപനത്തോടെ വിരാമമായത്. പാർട്ടിക്കുള്ളിലും പുറത്തും ട്രൂഡോയുടെ അനഭിമതനായി മാറിയ ട്രൂഡോയുടെ ജനപ്രീതിയിൽ കഴിഞ്ഞ 2 വർഷത്തിനിടെ വൻ ഇടിവാണുണ്ടായത്. രാജ്യത്തെ വെറും 22 ശതമാനം പേർക്കു മാത്രമാണ് ട്രൂഡോയുടെ നേതൃത്വത്തിൽ വിശ്വാസമുള്ളതെന്ന് ഡിസംബറിലെ ഹിത പരിശോധനയിൽ വ്യക്തമായിരുന്നു. 2015ൽ വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം ട്രൂഡോയുടെ ജനപ്രീതിയിലുണ്ടായ കനത്ത ഇടിവായിരുന്നു ഇത്.