Follow the FOURTH PILLAR LIVE channel on WhatsApp
കോട്ടയം: കോട്ടയം നസീറിനെ കണ്ടപ്പോൾ ചാണ്ടി ഉമ്മന് പറയാൻ ഒരു കാര്യം മാത്രമ ഉണ്ടായിരുന്നുള്ളൂ -‘എൻ്റെ അപ്പയെ അനുകരക്കുന്നത് തുടരണം.
നസീറിനെ ചേർത്തു നിർത്തി ചാണ്ടി ഉമ്മൻ പറഞ്ഞു -‘എൻ്റെ അപ്പയെ മനോഹരമായി അനുകരിക്കുന്ന കലാകാരനാണ് കോട്ടയം നസീർ. കുറച്ചു നാൾ മുമ്പ് നസീർ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോൾ ശ്രദ്ധയിൽ വരുന്നത്. ഞാനിനി ഉമ്മൻ ചാണ്ടി സാറിനെ അനുകരിക്കില്ലായെന്നായിരുന്നു നസീറിൻ്റെ പ്രതികരണം. അതിനു ശേഷം നസീറിനെ നേരിട്ട് കാണുന്നത് ഇപ്പോഴാണ്. എൻ്റെ അപ്പയെ ഇനിയും നിങ്ങൾ അനുകരിക്കണം. അഭ്യർത്ഥനയാണ്. മനുഷ്യ മനസ്സിൽ ഇന്നും ജീവിക്കുന്ന മനുഷ്യനാണ് എൻ്റെ അപ്പ. അദ്ദേഹത്തെ അനുകരിക്കുന്നതു കാണുന്നത് ഏറെ സന്തോഷമാണ്.’ നീണ്ട കരഘോഷത്തോടെ യാണ് ചാങ്ങി ഉമ്മൻ്റെ ഈ അഭ്യർത്ഥനയെ തിങ്ങിക്കൂടിയവർ സ്വാഗതം ചെയ്തത്.

ഉബൈനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ശുക്രൻ ചിത്രീകരണം പനച്ചിക്കാട് ആരംഭിക്കുന്ന വേളയിലാണ് ചാണ്ടി ഉമ്മനും കോട്ടയം നസീറും കണ്ടുമുട്ടിയത്. ചിത്രത്തിന് ഫസ്റ്റ് ക്ലാപ് നല്കാനെത്തിയതായിരുന്നു ചാണ്ടി ഉമ്മൻ. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്വിച്ചോൺ നിർവഹിച്ചു. ‘ഇവിടെ തുടങ്ങുന്ന ഏതു കാര്യവും വിജയമാകും. ഞാൻ പോലും…..’ തിരുവഞ്ചൂർ പറഞ്ഞപ്പോൾ നീണ്ട ചിരിയും കരഘോഷവും ഉയർന്നു. ബിബിൻ ജോർജും കോട്ടയം നസീറുമാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്.

ഒരേ ലക്ഷ്യം നിറവേറ്റാൻ 2 സുഹൃത്തുക്കൾ നടത്തുന്ന ശ്രമങ്ങളുടെ രസകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം. ആരാണ് ലക്ഷ്യം നേടുക എന്നതാണ് ഈ ചിത്രം നൽകുന്ന ഉത്തരം. ബിബിൻ ജോർജും ചന്തുനാഥുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാൻ്റിക്ക് കോമഡി ത്രില്ലറായാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഷൈൻ ടോം ചാക്കോയും ലാലു അലക്സും ശുക്രനിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആദ്യപ്രഭയാണ് നായിക. അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര , അജയ് വാസുദേവ്, മധു
പുന്നപ്ര, കലാഭവൻ റഹ്മാൻ, ഷാജി കെ.ജോർജ്, ജീമോൻ ജോർജ്, ഷിജു കെ.ടോം, സഞ്ജു നെടുംകുന്നേൽ, ദിലീപ് റഹ്മാൻ, ഷാജു ഏബ്രഹാം, തുഷാര പിള്ള, സ്മിനു സിജോ, ദിവ്യാ എം.നായർ, ലേഖാ നായർ, ജയ, ബേബി ഇശൽ, മാസ്റ്റർ നവനീത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

നീൽ സിനിമാസ് ആൻഡ് സൂര്യ ഭാരതിക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ.പി., ഷാജി.കെ.ജോർജ്, ഷിജു കെ.ടോം എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജീമോൻ ജോർജ്, ഗിരീഷ് പാലമൂട്ടിൽ, സഞ്ജു നെടുംകുന്നേൽ എന്നിവരാണ് കോ-പ്രൊഡ്യൂസർമാർ. രാഹുൽ കല്യാണിന്റേതാണു തിരക്കഥ.
ഗാനങ്ങൾ -വയലാർ ശരത്ചന്ദ്ര വർമ്മ, രാജീവ് ആലുങ്കൽ, സംഗീതം -സ്റ്റിൽജു അർജുൻ, ഛായാഗ്രഹണം -മെൽബിൻ കുരിശിങ്കൽ, കലാസംവിധാനം -അസീസ് കരുവാരക്കുണ്ട്, ചമയം -സിജേഷ് കൊണ്ടോട്ടി, വസ്ത്രാലങ്കാരം -ബ്യൂസി ബേബി ജോൺ, പ്രൊജക്റ്റ് ഡിസൈൻ -അനുക്കുട്ടൻ ഏറ്റുമാന്നൂർ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -ജസ്റ്റിൻ കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ -ദിലീപ് ചാമക്കാല.
കോട്ടയം, ഏറ്റുമാന്നൂർ,കിടങ്ങൂർ, തിരുവഞ്ചൂർ ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.































