Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ ഉയര്‍ന്നുവന്ന പെട്ടിവിവാദത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രസ്താവന നടത്തിയ സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍. കൃഷ്ണദാസിനെതിരെ നടപടി. കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു കൃഷ്ണദാസിന്റെ പ്രസ്താവനയെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു.
‘തിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ വിവിധ തരത്തിലെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു. പ്രശ്‌നങ്ങള്‍ പൊതുവായി ചര്‍ച്ചചെയ്ത് നിലപാട് സ്വീകരിക്കുക എന്നതില്‍നിന്ന് വ്യത്യസ്തമായ പ്രതികരണം എന്‍.എന്‍. കൃഷ്ണദാസില്‍നിന്ന് ഉണ്ടായി. ഇത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിശദമായി പരിശോധിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം യോജിപ്പോടെ മുന്നോട്ടുകൊണ്ടുപോവേണ്ടതാണ്. അത്തരം ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കിടിയില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് തോന്നിക്കുന്ന രീതിയില്‍ പ്രതികരിച്ച പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗത്തെ പരസ്യമായി താക്കീത് ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു’ -സെക്രട്ടറി അറിയിച്ചു.
കൃഷ്ണദാസ് രൂക്ഷമായ വിമര്‍ശമാണ് സംസ്ഥാന സമിതിയില്‍ നേരിട്ടത്. പാലക്കാട്ട് രണ്ടാം സ്ഥാനത്തേക്ക് തിരിച്ചുവരുന്നതിന് പാര്‍ട്ടിക്ക് തടസമായത് കൃഷ്ണദാസിന്‍റെ പരസ്യപ്രസ്താവനകളെന്നായിരുന്നു പ്രധാന വിമർശം. നീലപ്പെട്ടി വിവാദത്തെ തള്ളിപറഞ്ഞതും മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ചതും വോട്ടുകള്‍ നഷ്ടമാക്കിയെന്ന് വിമര്‍ശനം ഉയര്‍ന്നു.
പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിന്‍റെ തിരഞ്ഞെടുപ്പ് അവലോകനത്തില്‍ നേരിട്ടതിനേക്കാള്‍ രൂക്ഷമായിരുന്നു സംസ്ഥാന സമിതിയിലെ സാഹചര്യം. നീലപെട്ടി വിവാദമുയര്‍ന്നപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന് വിരുദ്ധമായ സമീപനം സ്വീകരിച്ച് അണികള്‍ക്കിടയില്‍ ആശയകുഴപ്പമുണ്ടാക്കി. മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ചത് പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും കുറ്റപ്പെടുത്തലുണ്ടായി.
കൃഷ്ണദാസിന്‍റെ പ്രസ്താവനകള്‍ കൊണ്ട് മാത്രം 2500 വോട്ടെങ്കിലും പാര്‍ട്ടിക്ക് നഷ്ടമായി എന്നാണ് സി.പി.എം. വിലയിരുത്തല്‍. ഇതോടെയാണ് കൃഷ്ണദാസിനെ താക്കീത് ചെയ്യാനും അത് പരസ്യമാക്കാനും പാർട്ടി തീരുമാനിച്ചത്. തന്‍റെ ഭാഗത്ത് തെറ്റുണ്ട് എന്ന് എല്ലാവരും പറയുകയാണെങ്കില്‍ അത് താന്‍ അംഗീകരിക്കാമെന്ന് സംസ്ഥാന സമിതിയില്‍ കൃഷ്ണദാസ് പറഞ്ഞു.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.























