Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ ദ്വയാർത്ഥപ്രയോഗങ്ങളിലൂടെയും ലൈംഗികമായും അധിക്ഷേപിച്ചുവെന്ന നടി ഹണി റോസിന്റെ പരാതിയിൽ നടപടി ശക്തമാക്കി പൊലീസ്. നടിയുടെ പരാതിയിൽ കുമ്പളം സ്വദേശി ഷാജിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മോശം കമന്റുകൾ ഇട്ട പലരും കമന്റുകൾ ഡിലീറ്റ് ചെയ്ത് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ തന്നെ ഉപേക്ഷിക്കുന്നതായി പൊലീസ് കണ്ടെത്തി.
നടിയുടെ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള ആളുകളുടെ കമന്റുകൾ പരിശോധിക്കുകയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും എറണാകുളം സെൻട്രൽ ഇൻസ്പെക്ടർ അനീഷ് ജോയി മാധ്യമങ്ങളോട് പറഞ്ഞു. ഹണി നൽകിയ പരാതിയിൽ പൊലീസ് ഇതിനകം 27 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
അതിനിടെ, സമൂഹമാധ്യമങ്ങളിൽ ലൈംഗിക അധിക്ഷേപവും അപകീർത്തിപ്പെടുത്തലും നേരിട്ടതിൽ നിയമനടപടി സ്വീകരിച്ച നടി ഹണി റോസിന് താരസംഘടനയായ എ.എം.എം.എ. പിന്തുണ പ്രഖ്യാപിച്ചു. ഈ വിഷയത്തിൽ ഹണി റോസ് നടത്തുന്ന നിയമ പോരാട്ടങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ച എ.എം.എം.എ. അഡ്‌ഹോക്ക് കമ്മിറ്റി ആവശ്യമെങ്കിൽ നിയമസഹായം നൽകാൻ ഒരുക്കമാണെന്നും അറിയിച്ചിട്ടുണ്ട്.
നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് താൻ പൊതുവേദിയിൽ എത്തിയിട്ടില്ലെന്നും സ്ത്രീകളെ കുറിച്ച് അസഭ്യവും അശ്ലീലവും പറയുന്ന സമൂഹമാധ്യമങ്ങളിലെ ‘അസഭ്യ, അശ്ലീല ഭാഷാ പണ്ഡിത മാന്യന്മാർക്കു’മെതിരെ താൻ യുദ്ധം പ്രഖ്യാപിക്കുന്നു എന്നും ഹണി റോസ് വ്യക്തമാക്കി.