Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വിജിലൻസ് അന്വേഷണം നേരിടുന്ന എ.ഡി.ജി.പി. എം.ആർ.അജിത്കുമാറിനു അന്വേഷണ സംഘത്തിൻ്റെ ക്ലീൻ ചിറ്റ്. അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപന, മലപ്പുറം എസ്.പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നിങ്ങനെ പി.വി.അൻവർ എം.എൽ.എ. ഉന്നയിച്ച ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം നടന്നത്. വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയ്ക്ക് അന്വേഷണ സംഘം റിപ്പോർട്ട് കൈമാറി. അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്.
അൻവറിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും പരാതികൾ തെളിയിക്കാനുള്ള യാതൊരു രേഖകളും അദ്ദേഹം സമർപ്പിച്ചില്ലെന്നും അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പി. ഷിബു പാപ്പച്ചന്‍റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിച്ചത്.
കവടിയാറിലെ വീട് നിർമാണത്തിനായി എസ്.ബി.ഐയിൽനിന്ന് അജിത് കുമാർ 1.5 കോടി രൂപ വായ്പ എടുത്തിട്ടുണ്ടെന്നാണു കണ്ടെത്തൽ. വീട് നിർമാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്തുവിവര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടിവിലയ്ക്കു മറിച്ചു വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നാണു കണ്ടെത്തൽ. 2009ലാണ് കോണ്ടൂർ ബില്‍ഡേഴ്സുമായി ഫ്ലാറ്റ് വാങ്ങാൻ 37 ലക്ഷം രൂപയ്ക്കു കരാർ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം വായ്പയെടുത്തു. 2013ൽ കമ്പനി ഫ്ലാറ്റ് കൈമാറി. പക്ഷേ അജിത് കുമാറിൻ്റെ പേരിലേക്ക് ഫ്ലാറ്റ് രജിസ്റ്റർ ചെയ്യാൻ വൈകി. 4 വർഷം താമസിച്ച ശേഷം 65 ലക്ഷം രൂപയ്ക്കു ഫ്ലാറ്റ് വിൽക്കുന്നത് 2016ലാണ്. വില്‍പനയ്ക്കു 10 ദിവസം മുൻപ്, നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സ്വന്തം പേരിലേക്കു രജിസ്റ്റർ ചെയ്തു. 8 വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണു വീടിന്‍റെ വിലയിൽ ഉണ്ടായത്. സർക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്നുമാണു വിജിലൻസ് കണ്ടെത്തിയത്.
കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിനു മലപ്പുറം എസ്.പി. ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്‍റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം. എന്നാൽ സുജിത് ദാസിന്‍റെ കാലയളവിലാണ് ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളിൽ പ്രതി ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സ്വർണക്കടത്തുമായി ബന്ധിപ്പിക്കുന്ന യാതൊരു തെളിവും പി.വി.അൻവർ നൽകിയില്ലെന്നും വിജിലൻസിനു തെളിവു കിട്ടിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫിസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.























