എം.എൽ.എയ്ക്ക് അഴിയാക്കുരുക്ക്: ‍ഐ.സി.ബാലകൃഷ്ണൻ കോഴ വാങ്ങിയെന്ന് എൻ.എം.വിജയൻ്റെ ആത്മഹത്യാ കുറിപ്പ്

Follow the FOURTH PILLAR LIVE channel on WhatsApp 

കല്പറ്റ: കോൺഗ്രസ്‌ നേതാക്കളുടെ കോഴ ഇടപാടിൽ കുരുങ്ങി ഡി.സി.സി. ട്രഷറർ എൻ.എം.വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പും കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന് എഴുതിയ കത്തും പുറത്ത്. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. നിയമനത്തിന് കോഴവാങ്ങിയെന്ന് വ്യക്തമാക്കുന്ന കുറിപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്. ആത്മഹത്യയ്ക്ക് പിന്നാലെ സുല്‍ത്താന്‍ ബത്തേരി ബാങ്കിലെ നിയമന ക്രമക്കേട് ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് ആത്മഹത്യാ കുറിപ്പും കത്തും പുറത്തുവന്നിരിക്കുന്നത്. വിജയന്റെ വീട്ടിൽ നിന്നാണ് വിശദമായ കുറിപ്പ് കണ്ടെത്തിയത്.

4 പേജുള്ള ആത്മഹത്യാ കകുറിപ്പില്‍ അദ്ദേഹത്തിന് എത്ര സാമ്പത്തിക ബാധ്യത ഉണ്ടെന്നും അത് എങ്ങനെ സംഭവിച്ചു എന്നും വ്യക്തമാക്കുന്നുണ്ട്. 4 കത്തുകള്‍ പ്രധാന നേതാക്കള്‍ക്ക് നല്‍കിയെന്നും വന്‍ സാമ്പത്തിക ബാധ്യതയാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും കത്തില്‍ പറയുന്നു. അര്‍ബന്‍ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് കോടിക്കണക്കിന് രൂപയുടെ ബാധ്യത ഉണ്ടായെന്നും നിയമനവുമായി ബന്ധപ്പെട്ട് പല കോണ്‍ഗ്രസ് നേതാക്കളും പണം വാങ്ങിയെന്നും കെ.സുധാകരന് അയച്ച കത്തിലും പറയുന്നു. ഐ.സി.ബാലകൃഷ്ണനൊപ്പം ഡി.സി.സി. പ്രസിഡന്റ്‌ എൻ.ഡി.അപ്പച്ചൻ്റെ പേരും ആത്മഹത്യാ കുറിപ്പിലുണ്ട്.

ഐ.സി.ബാലകൃഷ്ണന്റെ താൽപര്യപ്രകാരം മറ്റൊരാളെ നിയമിക്കാൻ മകനെ ബാങ്കിലെ ജോലിയിൽനിന്ന് പുറത്താക്കി. അർബൻ ബാങ്കിൽ 65 ലക്ഷം ബാധ്യതയുണ്ട്, ആരും തിരിഞ്ഞുനോക്കിയില്ല. തന്റെ പേരിൽ അർബൻ ബാങ്കിൽനിന്ന് വായ്പയെടുത്ത്‌ ബാധ്യത തീർത്തു. ബാലകൃഷ്ണന്റെ നിർദേശപ്രകാരമാണ് പണം വാങ്ങിയത്. എന്നാൽ പണം തിരിച്ചു നൽകാൻ എം.എൽ.എ. തയ്യാറായില്ലെന്നും കുറിപ്പിൽ പറയുന്നു.

സ്ഥലം പോലും വിൽക്കാനാവാത്ത സ്ഥിതിയാണ്. മക്കൾ പോലും അറിയാത്ത ബാധ്യതയുണ്ട്‌. കോൺഗ്രസ്‌ ലീഗൽ സെല്ലിന്‌ എല്ലാമറിയാം. 50 കൊല്ലം കോൺഗ്രസിനായി പ്രവർത്തിച്ച്‌ ജീവിതം തുലച്ചുവെന്നും വിജയൻ്റെ കുറിപ്പിൽ പറയുന്നു. തന്റെ മക്കളെയെങ്കിലും രക്ഷിക്കാന്‍ കെ.പി.സി.സി നേതൃത്വം സഹായിക്കണം എന്നുപറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

വിജയൻ ആവശ്യപ്പെട്ട പ്രകാരം കത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുത്തെന്നും പാര്‍ട്ടി നേതൃത്വത്തില്‍നിന്നും ഇടപെടല്‍ ഉണ്ടാവുമോ എന്നറിയാനാണ് 10 ദിവസം കാത്തിരുന്നതെന്നും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് കത്ത് പുറത്തുവിടുന്നതെന്നും കുടുംബം അറിയിച്ചു.

കോൺഗ്രസ്‌ നേതാക്കൾ നിയമനം വാഗ്‌ദാനംചെയ്‌ത്‌ കോടികൾ കോഴവാങ്ങിയതിന്റെ ഇടനിലനിന്നാണ്‌ വിജയന്‌ കടബാധ്യതയുണ്ടായതെന്നാണ്‌ ആക്ഷേപം. എന്നാൽ കടബാധ്യതയുടെ കാര്യം അറിയില്ലെന്നായിരുന്നു ഡി.സി.സി. പ്രസിഡന്റ്‌ എൻ.ഡി.അപ്പച്ചൻ നേരത്തെ പറഞ്ഞത്‌. സ്ഥലംവിൽക്കാൻ വിജയൻ തയ്യാറാക്കിയ കരാറിൽ സാക്ഷി ഒപ്പിട്ടത്‌ ഡി.സി.സി. വൈസ്‌ പ്രസിഡന്റ്‌ ഒ.വി.അപ്പച്ചനാണെന്ന വിവരവും നേരത്തെ പുറത്തു വന്നിരുന്നു.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

COMMENT

Recent Articles

Related Articles

Special