Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: കണ്ണൂർ എ.ഡി.എം. ആയിരുന്ന കെ.നവീൻ ബാബുവിന്റെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഭാര്യയുടെ ഹർജി ഹൈക്കോടതി തള്ളി. പകരം കണ്ണൂർ റേഞ്ച് ഡി.ഐ.ജിയടെ മേൽനോട്ടത്തിലാകണം പ്രത്യേകാനേഷ്വണ സംഘത്തിൻ്റെ പ്രവർത്തനം, റേഞ്ച് ഡി.ഐ.ജിയുടെ അനുമതിയോടെ മാത്രമേ കേസിൻ്റെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പാടുള്ളൂ എന്നീ നിര്‍ദേശങ്ങളോടെയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി തീർപ്പാക്കിയത്.
നവീൻ ബാബുവിന്റെ മരണം കൊലപാതകമാണോ എന്നതടക്കം കുടുംബം ഉന്നയിക്കുന്ന കാര്യങ്ങളും പ്രത്യേകാന്വേഷണ സംഘം പരിശോധിക്കണമെന്നു കോടതി നിർദേശിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി തൃപ്തികരമല്ലെന്ന് അറിയിച്ച മഞ്ജുഷ അപ്പീല്‍ നല്‍കുമെന്നും വ്യക്തമാക്കി.
2024 ഒക്‌ടോബർ 15നു രാവിലെയാണു നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്നു കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ സ്ഥലത്തെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എഡിഎം നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ആത്മഹത്യക്കു പിന്നിൽ അഴിമതി ആരോപണമാണെന്ന പരാതികൾ ഉയർന്നതോടെ ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു.
അന്വേഷണത്തിനായി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ഇത് അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് നവീൻ ബാബുവിന്റെ ഭാര്യ മഞ്‍ജുഷ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് സി.ബി.ഐ. അന്വേഷിക്കണം എന്നായിരുന്നു ആവശ്യം.
മരണത്തില്‍ തുടക്കം മുതലേ നവീൻ ബാബുവിൻ്റെ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. മരണം കൊലപാതകമാണെന്ന സംശയമാണ് ഹര്‍ജിയില്‍ അവർ ഉന്നയിച്ചത്. ദിവ്യയുടെ രാഷ്ട്രീയസ്വാധീനം കാരണം പൊലീസ് ശരിയായ അന്വേഷണം നടത്തില്ലെന്നാണ് ആരോപണം. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നവീന്‍ ബാബുവിൻ്റെ അടിവസ്ത്രത്തിലെ രക്തക്കറ പൊലീസ് അവഗണിച്ചതും ഇന്‍ക്വസ്റ്റ് തിടുക്കത്തില്‍ നടത്തിയതും സംശയകരമാണെന്ന വാദവും ഹര്‍ജിയിലുന്നയിച്ചു.
നിലവിലെ അന്വേഷണ സംഘം നല്ലതാണ്. എന്നാല്‍ പൊലീസ് അന്വേഷിച്ചാല്‍ രാഷ്ട്രീയ പക്ഷപാതപരമായ അന്വേഷണമാകും നടക്കുക. അതിനാൽ മറ്റൊരു ഏജന്‍സി നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് സി.ബി.ഐ. വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, അന്വേഷണത്തിന് സി.ബി.ഐ. തയാറാണോ എന്നതല്ല, സി.ബി.ഐ. അന്വേഷണം ആവശ്യമുണ്ടോ എന്നാണ് പരിശോധിക്കുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
നവീന്‍ ബാബുവിന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലര്‍ത്തുന്ന അന്വേഷണമാണു പുരോഗമിക്കുന്നതെന്നു സര്‍ക്കാര്‍ കോടതിയിൽ വാദിച്ചു. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ വീഴ്ചയില്ല എന്നതിനാൽ സി.ബി.ഐ. അന്വേഷണം ആവശ്യമില്ല. കൃത്യമായ തെളിവുകൾ ഇല്ലാതെയാണു ഹർജിയിലെ ആരോപണങ്ങൾ എന്നും കൊലപാതക സാധ്യതയടക്കം പ്രത്യേക അന്വേഷണസംഘം പരിശോധിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു. ഫലത്തിൽ ഇതാണ് ഇന്ന് കോടതി അംഗീകരിച്ചിരിക്കുന്നത്.





















