Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: നിലമ്പൂർ നോര്‍ത്ത് ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് ഫയല്‍ ചെയ്തിരിക്കുന്ന കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. അക്രമികള്‍ പോലീസിനെ നിലത്തിട്ട് ചവിട്ടിയതായും ഓഫീസിന് 35,000 രൂപയുടെ നഷ്ടം വരുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവസമയത്ത് പി.വി.അന്‍വര്‍ എം.എല്‍.എ. ഓഫീസിനുള്ളില്‍ ഇല്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രേരണയിലാണ് ആക്രമണം നടന്നതെന്നാണ് ആരോപണം.
ആക്രമണം നടക്കുന്ന സമയത്ത് താന്‍ ഓഫീസിനകത്ത് ഉണ്ടായിരുന്നില്ല എന്നായിരുന്ന അന്‍വറിന്റെ പ്രതികരണം. എന്നാല്‍ ഇതിനെ തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് സമർപ്പിച്ചിരിക്കുന്നത്. 40 പേരടങ്ങുന്ന സംഘം ലഹള നടത്താന്‍ ആസൂത്രണം ചെയ്തു, അതിക്രമം നടത്തി. 1 മുതല്‍ 10 വരെയുള്ള പ്രതികളാണ് നേരിട്ട് ആക്രമണത്തില്‍ പങ്കാളികളായത്. ഇവര്‍ പൊലീസിനെ നിലത്തിട്ട് ചവിട്ടുകയും സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. അക്രമത്തിൻ്റെ എല്ലാ വിവരങ്ങളും വിശദമാക്കിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ തയ്യാറാക്കിയിട്ടുള്ളത്.
പൊലീസിന്റെ ഫോണ്‍ ചോര്‍ത്തല്‍, ചേലക്കര തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം അടക്കം അന്‍വറിനെതിരെ നിലമ്പൂര്‍ പൊലീസ് സ്‌റ്റേഷനിലുള്ള കേസുകളെക്കുറിച്ചും കസ്റ്റഡി അപേക്ഷയില്‍ പ്രതിപാദിച്ചിട്ടുണ്ട്. പി.വി അന്‍വര്‍ മറ്റ് 4 കേസുകളില്‍ പ്രതിയാണെന്നും സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതാണ് അന്‍വറിന്റെ പ്രവര്‍ത്തിയെന്നും രാഷ്ട്രീയ സാമ്പത്തിക സ്വാധീനമുള്ള പ്രതികള്‍ തെളിവ് നശിപ്പിക്കുന്നതും അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്നതും ഒഴിവാക്കാണ് അറസ്റ്റ് എന്നും ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ പോകാന്‍ സാധ്യതയെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അറസ്റ്റ് ചെയ്തത് എം.എല്‍.എയെ ആയതിനാല്‍ ഈ വിവരം നിയമസഭാ സ്പീക്കറെ അറിയിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.