Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: മന്ത്രിയെ മാറ്റണമെന്ന ആവശ്യത്തിൽ നിന്ന് എൻ.സി.പി. പിന്നോട്ട്. എ.കെ.ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാനാകില്ലെന്ന് മുഖ്യമന്ത്രി എൻ.സി.പി. സംസ്ഥാന പ്രസിഡന്‍റ് പി.സി.ചാക്കോയോട് ആവർത്തിച്ചു വ്യക്തമാക്കിയതോടെയാണ് പാർട്ടി വഴങ്ങിയത്.
തോമസിനെ മന്ത്രിയാക്കണമെന്ന് ഇനി ആവശ്യപ്പെട്ടില്ലെന്ന് ചാക്കോ എൻ.സ.പി. ഭാരവാഹി യോഗത്തെ അറിയിച്ചു. ശശീന്ദ്രനും ചാക്കോയും തോമസ് കെ.തോമസും ഒരുമിച്ച് സംസ്ഥാന പര്യടനം നടത്തും. ജനുവരി 15 മുതൽ 30 വരെയാണ് പര്യടനം നിശ്ചയിച്ചിരിക്കുന്നത്.
ദേശീയ നേതൃത്വവും ബഹുഭൂരിപക്ഷം ജില്ലാ പ്രസിഡന്‍റുമാരും തോമസ് കെ.തോമസിനെ മന്ത്രിയാക്കാനുള്ള നീക്കത്തിനൊപ്പമായിട്ടും നടക്കാതെ പോയതിന് കാരണം മുഖ്യമന്ത്രിയുടെ ഉറച്ച നിലപാട് മാത്രാണ്. ശനിയാഴ്ച രാത്രി നടന്ന കൂടിക്കാഴ്ചയിലും തോമസ് പറ്റില്ലെന്ന് പിണറായി വിജയൻ ചാക്കോയോട് തീർത്തുപറഞ്ഞു.
ഇതനുസരിച്ചാണ് ആവശ്യത്തിൽ നിന്നു പിൻവാങ്ങുന്നതായി ഞായറാഴ്ച ചേർന്ന ഭാരവാഹി യോഗത്തിൽ മന്ത്രിമാറ്റ ചാക്കോ വ്യക്തമാക്കിയത്. ഇതോടെ ഐക്യസന്ദേശം പാർട്ടിക്കാർക്ക് നൽകണമെന്നായി ഭാരവാഹികളുടെ നിലപാട്. അതോടെ മന്ത്രിയെ മാറ്റാൻ ശ്രമിച്ച പ്രസിഡൻ്റും എം.എൽ.എയും മന്ത്രിക്കൊപ്പം സംസ്ഥാന പര്യടനത്തിന് തീരുമാനിക്കുകയായിരുന്നു.