29 C
Trivandrum
Saturday, February 14, 2026

ഡി.എഫ്‌.ഒ. ഓഫീസ്‌ അക്രമം: പി.വി.അൻവർ ജയിലിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

നിലമ്പൂർ: നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ. ഓഫീസ് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) പ്രവർത്തകർ തല്ലിത്തകർത്ത കേസിൽ പി.വി.അൻവർ എം.എൽ.എ. അറസ്റ്റിൽ. മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ അൻവറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു. ഉൾവനത്തിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ്‌ മണി കൊല്ലപ്പെട്ട സംഭവത്തിൻ്റെ പേരിലാണ് അൻവറിൻ്റെ നേതൃത്വത്തിൽ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ. ഓഫീസ് തല്ലിത്തകർത്തത്‌.

ഡി.എഫ്.ഒ. ഓഫിസ് ആക്രമിച്ച സംഭവത്തിൽ നടപടി ആവശ‍്യപ്പെട്ട് വനം വകുപ്പ് നിലമ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അൻവർ ഉൾപ്പെട്ട 11 പേർക്കെതിരെയാണ് കേസെടുത്തത്. പൊതുമുതൽ നശിപ്പിക്കൽ, പൊലീസിന്‍റെ കൃത‍്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങി ജാമ‍്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

മലപ്പുറം എടവണ്ണ ഒതായിയിലുള്ള അന്‍വറിന്റെ വീട് പൊലീസ് സംഘം വളഞ്ഞ ശേഷം രാത്രി 9.45ഓടെ ഡി.വൈ.എസ്.പി. ബാലചന്ദ്രൻ അറസ്റ്റ് രേഖപ്പെടുത്തി. എം.എല്‍.എയെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ നാടകീയരംഗങ്ങള്‍ അരങ്ങേറി. കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിച്ച അന്‍വറിനെ പൊലീസ് തടഞ്ഞു. ഇതോടെ അന്‍വര്‍ രൂക്ഷമായി പ്രതികരിച്ചു. പിന്നാലെ അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹകരിച്ചു. ഇതിനിടെ അന്‍വറിന്റെ ഡി.എം.കെ. പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി അദ്ദേഹത്തെ അനുഗമിക്കുകയുംചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് തന്റെ അറസ്റ്റെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം. ‘പൊലീസ് അറസ്റ്റ് വാറന്റ് തന്നാല്‍ അതിന് നിന്നുകൊടുക്കുക എന്നത് നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം നിറവേറ്റുന്നു. പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ എന്ത് നിയമമാണ് പിണറായിക്ക് ബാധകമായിട്ടുള്ളത്, അറസ്റ്റിന് സ്പീക്കറുടെ അനുമതി ഒന്നും വേണ്ടല്ലോ. സുപ്രീംകോടതി വരെ പോയിട്ടും ജാമ്യംകിട്ടാത്ത എത്ര കൊലകൊമ്പന്മാര്‍ ഇവിടെയുണ്ട്, ആരെയും അറസ്റ്റ് ചെയ്തിട്ടില്ലല്ലോ. ഇതൊരു പേരിനുള്ള അറസ്റ്റാണ്. അത് കഴിഞ്ഞാല്‍ എല്ലാ വാറന്റുകളും അവിടെയുണ്ടാകും. തൂക്കാനൊന്നും വിധിച്ചിട്ടില്ലല്ലോ, അതിന് നിങ്ങളൊന്നും ബേജറാവുകയൊന്നും വേണ്ട. പിണറായിയുടെ ഇഷ്ടം എന്താണോ അത് നടക്കും. ഗുണ്ടാത്തലവനെ കൊണ്ടുപോകുന്നരീതിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഈ നാടകം. ഞാന്‍ എവിടെയും ഓടിപ്പോകാനില്ലല്ലോ. ഞാന്‍ ഇവിടെയുണ്ടല്ലോ, എനിക്കൊരു നോട്ടീസ് നല്‍കിയാല്‍ മതിയല്ലോ. ഭരണകൂടഭീകരതയുടെ ഏറ്റവുംവലിയ തെളിവാണിത്’ -അദ്ദേഹം പറഞ്ഞു.

അറസ്റ്റ് നടപടികള്‍ക്കിടെ ഭരണകൂടഭീകരതക്കെതിരേ പ്രതിഷേധിക്കാന്‍ ആഹ്വാനംചെയ്തുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റും അന്‍വറിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു. അറസ്റ്റിന് മുമ്പ് അന്‍വര്‍ സ്വന്തംനിലയില്‍ ഡോക്ടറെ വിളിച്ചുവരുത്തി വൈദ്യപരിശോധന നടത്തിയിരുന്നു. ഇതിനുശേഷമാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.

സൗത്ത്‌ ഡി.എഫ്‌.ഒ. ഓഫീസ്‌ പരിധിയിലെ വനത്തിലാണ്‌ ശനിയാഴ്‌ച കാട്ടാന ആക്രമണത്തിൽ യുവാവ്‌ മരിച്ചത്‌. എന്നാൽ, നോർത്ത്‌ ഡി.എഫ്‌.ഒ. ഓഫീസാണ്‌ എം.എൽ.എയുടെ അനുയായികൾ അടിച്ചുതകർത്തത്‌. അവധി ദിവസമായതിനാൽ അടഞ്ഞുകിടന്ന പ്രധാന ഗേറ്റും ഓഫീസ് വാതിലും പൊളിച്ചാണ് സംഘം അകത്തുകയറിയത്. ഓഫീസിനകത്തെ കസേരകളും ജനറൽ ചില്ലുകളും വാതിലും ക്ലോക്കും ഉൾപ്പെടെ അടിച്ചുതകർത്തു.

പ്രാബല്യത്തിൽവരാത്ത ​വനഭേദഗതി നിയമത്തിനെതിരെ അൻവർ പ്രഖ്യപിച്ച ജനകീയ യാത്ര ആളില്ലാതെ പൊളിഞ്ഞിരുന്നു. യാത്ര നിർത്തിവയ്‌ക്കാനാണ്‌ ഞായറാഴ്‌ച അക്രമവുമായി എം.എൽ.എയും പ്രവർത്തകരും രംഗത്തെത്തിയത്‌ എന്നാണ് വിലയിരുത്തപ്പെടുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks