Follow the FOURTH PILLAR LIVE channel on WhatsApp
തൃശ്ശൂർ: ബി.ജെ.പിക്കെതിരായ നിലപാട് കടുപ്പിച്ച് ക്രൈസ്തവ സഭ. ദീപിക പത്രത്തിലെ മുഖപ്രസംഗത്തിലൂടെയാണ് സഭ ഈ നിലപാട് മാറ്റം പ്രഖ്യാപിച്ചത്. രാജ്യത്തെ ന്യൂനപക്ഷണങ്ങൾക്കെതിരായ അക്രമങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ മൗനാനുവാദമുണ്ടെന്ന് ആരോപിച്ച മുഖപ്രസംഗം, പ്രധാനമന്ത്രിയെയും രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെയും പേരെടുത്താണ് വിമർശിക്കുന്നത്.
‘ഈ കണക്കുകൾ കാര്യം പറയുന്നുണ്ട്’ എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം ആരംഭിക്കുന്നത്. ബി.ജെ.പി. അധികാരത്തിൽ വന്നതുമുതലുള്ള ക്രൈസ്തവ വിരുദ്ധ ആക്രമങ്ങളുടെ കണക്ക് മുഖപ്രസംഗത്തിൽ വര്ഷം തിരിച്ച് നൽകുന്നുണ്ട്. ബി.ജെ.പി. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായ നിലപാട് കേരളത്തിലെ ക്രൈസ്തവരോടു സ്വീകരിക്കുന്നുവെങ്കിൽ അതു വോട്ടു രാഷ്ട്രീയത്തെ മുൻനിർത്തി മാത്രമാണെന്നും വിലയിരുത്തുന്നു. ക്രൈസ്തവ സഭയുടെ നയത്തിലെ കാതലായ മാറ്റത്തിന്റെ തെളിവായാണ് ഈ മുഖപ്രസംഗത്തെ രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നത്.






















