29 C
Trivandrum
Saturday, March 15, 2025

എൻ.എസ്.എസ്. നിർണായക ഘട്ടങ്ങളിൽ അഭയം തന്നവരെന്ന് ചെന്നിത്തല

Follow the FOURTH PILLAR LIVE channel on WhatsApp 

കോട്ടയം: എൻ.എസ്.എസുമായുള്ളത് ഒരിക്കലും മുറിച്ചുമാറ്റാനാകാത്ത ബന്ധമാണെന്നും ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ അഭയം തന്നത് എൻ.എസ്.എസ് ആണെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പെരുന്നയിൽ 148ാമത് മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉ​ദ്ഘാടകനായി അവസരം നൽകിയതിന് എൻ.എസ്.എസിനോട് നന്ദിയെന്ന് പറഞ്ഞ രമേശ് ചെന്നിത്തല ജീവിതത്തിൽ അഭിമാനമായി കാണുന്ന മുഹൂർത്തമാണിതെന്നും വ്യക്തമാക്കി. രാജീവ് ഗാന്ധി, ഡോ.എസ്.രാധാകൃഷ്ണന്‍, കെ.ആര്‍.നാരായണന്‍ തുടങ്ങിയ മഹാന്മാരായ നിരവധി വ്യക്തികളും ഉജ്വല നേതൃത്വങ്ങളും ഉദ്ഘാടനം ചെയ്ത വേദിയില്‍ തനിക്ക് അവസരം നല്‍കിയതിന് എസ്.എസ്.എസിനോടും ജനറല്‍ സെക്രട്ടറിയോടും പൂര്‍ണമായ നന്ദിയും കടപ്പാടും രേഖപ്പെടുത്താന്‍ ഈ അവസരം വിനിയോഗിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവിതത്തിലെ നിർണായക ഘട്ടങ്ങളിലെല്ലാം അഭയം തന്നത് എൻ.എസ്.എസ്. ആണ്. പ്രീഡിഗ്രി അഡ്മിഷൻ മുതൽ തുടങ്ങിയതാണ് ഇത്. ആര് വിചാരിച്ചാലും മുറിച്ചുമാറ്റാൻ പറ്റാത്തതാണ് ആ ബന്ധം.

കേരളം ഇന്ത്യയ്ക്ക് സംഭാവന ചെയ്ത മഹാപുരുഷന്മാരിൽ അഗ്രഗണ്യനാണ് മന്നത്തുപത്മനാഭൻ. കേരളീയ സമൂഹത്തെ പരിഷ്കരണത്തിന്റെ പാതയിലേക്ക് നയിച്ച മന്നത്ത് പത്മനാഭൻ കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണ്. ഇന്നും ആവശ്യമായ ഘട്ടങ്ങൾ എല്ലാം സുകുമാരൻ നായരുടെ നേതൃത്വത്തിൽ ഇടപെടലുകൾ നടത്തുന്നു. ശബരിമല വിഷയം ഉണ്ടായപ്പോൾ മന്നം കാണിച്ചുകൊടുത്ത വഴിയിലൂടെ ഇന്നത്തെ എൻ.എസ്.എസ്. നേതൃത്വം സഞ്ചരിച്ചു. നാമജപയാത്രയടക്കം നടത്തി വിശ്വാസികളുടെ അവകാശം നേടിയെടുക്കാൻ നടത്തിയ ശ്രമം എന്നും ജനങ്ങൾ ഓർക്കുന്നതാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

മതനിരപേക്ഷതയിൽ കുലീനവും ശ്രേഷ്ഠവുമായ ഒരു ബ്രാൻഡ് ആണ് എസ്.എസ്.എസ്. മന്നത്തിന്റെ കയ്യിലുണ്ടായിരുന്ന വടിയുടെ അദൃശ്യമായ ഒന്ന് സുകുമാരൻ നായരുടെ കയ്യിലുണ്ട്. എൻ.എസ്.എസിനെതിരെ വരുന്ന ഓരോ അടിയും തടുക്കാനുള്ളതായിരുന്നു മന്നത്തിന്റെ കയ്യിലുണ്ടായിരുന്ന വടി. സമുദായങ്ങൾ തമ്മിൽ തല്ലണം എന്ന് ആഗ്രഹിക്കുന്നവർക്ക് എൻ.എസ്.എസിനോട് പിണക്കവും പരിഭവമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നീണ്ട 11 വര്‍ഷങ്ങള്‍ക്കു ശേഷമാണ് രമേശ് ചെന്നിത്തല എന്‍.എസ്.എസ്. ആസ്ഥാനത്തെത്തുന്നത്. പിണക്കം മറന്ന് എന്‍.എസ്.എസ്. രമേശ് ചെന്നിത്തലയെ വീണ്ടും വേദിയിലേക്ക് ക്ഷണിച്ചത് ചര്‍ച്ചയായിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks