Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനിയെ വശീകരിച് പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപകന് 111 വർഷം കഠിന തടവും 1,05,000 രൂപ പിഴയ്ക്കും തിരുവനതപുരം അതിവേഗ പ്രേത്യേക കോടതി ശിക്ഷിച്ചു. മണക്കാട് സ്വദേശി മനോജി(44)നെയാണ് ജഡ്ജി ആർ.രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം. പ്രതി കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞു പ്രതിയുടെ ഭാര്യ ആത്‍മഹത്യ ചെയ്തിരുന്നു. കുട്ടിയുടെ സംരക്ഷകൻ കൂടി ആകേണ്ട അധ്യാപകനായ പ്രതി ചെയ്ത കുറ്റം യാതൊരു ദയയും അർഹിക്കുന്നില്ലന്ന് ജഡ്ജി വിധി ന്യായത്തിൽ പറഞ്ഞു.
2019 ജൂലൈ 2ന് രാവിലെ 10നാണ് കേസിനസ്പദമായ സംഭവം നടന്നത്. സർക്കാർ ഉദ്യോഗസ്ഥനായ പ്രതി വീട്ടിൽ ട്യൂഷൻ ക്ലാസ്സ് നടത്തിയിരുന്നു. അന്നേ ദിവസം സ്പെഷ്യൽ ക്ലാസ്സ് ഉണ്ടന്ന് പറഞ് കുട്ടിയെ വരുത്തിയാണ് പീഡിപ്പിച്ചത്. പീഡിപ്പിക്കുന്ന ചിത്രങ്ങൾ പ്രതി മൊബൈലിൽ എടുക്കുകയും ചെയ്തു. ഫോട്ടോ എടുത്തത് കുട്ടി എതീർത്തെങ്കിലും പ്രതി സമ്മതിച്ചില്ല. ഇതിന് മുമ്പും പല ദിവസങ്ങളിൽ പീഡന ശ്രമങ്ങൾ നടത്തിയെങ്കിലും കുട്ടി വഴങ്ങിയില്ല.
ഇതിന് ശേഷം കുട്ടി ഭയന്ന് ട്യൂഷൻ പോകാതെയായി. ഇവർ തമ്മിലുള്ള ബന്ധം പ്രതിയുടെ ഭാര്യ അറിയുകയും കുട്ടിയെ വിളിച്ചു വരുത്തി വഴക്കുപറയുകയും ചെയ്തു. ഇതറിഞ്ഞ പ്രതിയും ഭാര്യയും തമ്മിൽ തർക്കം നടന്നു. തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തു. ഈ സംഭവത്തിന് ശേഷം പ്രതിയും കുട്ടിയും തമ്മിലുള്ള ചിത്രങ്ങൾ ഫോണിൽ പ്രചരിക്കുകയും കുട്ടിയുടെ വീട്ടുകാർ ഫോർട്ട് പൊലീസിൽ പരാതി കൊടുക്കുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ കണ്ടത്തിയ ഫോൺ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കുട്ടിയെ പീഡിപ്പിക്കുന്ന ചിത്രങ്ങൾ കിട്ടിയിരുന്നു.
സംഭവ ദിവസം പ്രതി ഓഫീസിൽ ആയിരുന്നു എന്നു പറയുകയും രജിസ്റ്ററിൽ ഒപ്പിട്ട രേഖകൾ ഹാജരാക്കുകയും ചെയ്തു. എന്നാൽ പ്രൊസീക്യൂഷൻ ഹാജരാക്കിയ പ്രതിയുടെ ഫോൺ രേഖകൾ പ്രകാരം പ്രതി സംഭവ ദിവസം ട്യൂഷൻ സെന്റർ പരിസരങ്ങളിൽ ഉള്ളതായി തെളിഞ്ഞു.
പ്രൊസീക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസീക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, ആർ.വൈ.അഖിലേഷ് എന്നിവർ ഹാജരായി. ഫോർട്ട് പൊലീസ് ഇൻസ്‌പെക്ടർമാരായ എ.കെ.ഷെറി, കെ.ആർ.ബിജു, ജെ.രാകേഷ് എന്നിവരാണ് അന്വേക്ഷണം നടത്തിയത്.






























