ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ എട്ടാം കിരീടമെന്ന സ്വപ്നത്തിലേക്ക് കേരളത്തിന് ഇനി ഒരു കളിയുടെ മാത്രം ദൂരം. രണ്ടാം സെമിയില്‍ മണിപ്പുരിനെ 1-5ന് തകര്‍ത്തെറിഞ്ഞ് കേരളം ഫൈനല്‍ ടിക്കറ്റെടുത്തു. നസീബ് റഹ്മാൻ, മുഹമ്മദ് അജ്സൽ, മുഹമ്മദ് റോഷൽ എന്നിവരാണ് കേരളത്തിന് വേണ്ടി വലകുലുക്കിയത്. ഹാട്രിക് നേടിയ റോഷലാണ് കളിയിലെ താരം. പെനാല്‍റ്റിയിലൂടെയാണ് മണിപ്പുര്‍ ഒരു ഗോള്‍ തിരിച്ചടിച്ചത്. 16ാം തവണയാണ് കേരളം കലാശപ്പോരിന് അർഹത നേടുന്നത്.
ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ കരുത്തരായ പശ്ചിമ ബംഗാളാണ് കേരളത്തിൻ്റെ എതിരാളികൾ. ആദ്യ സെമിയില്‍ നിലവിലുള്ള ജേതാക്കളായ സര്‍വീസസിനെ തോല്‍പ്പിച്ചാണ് ബംഗാള്‍ മുന്നേറിയത്. 2-4 എന്ന നിലയിലായിരുന്നു ബംഗാളിൻ്റെ വിജയം. വംഗനാടിൻ്റെ 46ാം ഫൈനലാണിത്. 32 തവണ അവർ കിരീടമണിഞ്ഞു.
രണ്ടാം സെമിയിൽ മത്സരം ആരംഭിച്ച് ആദ്യ മിനിറ്റുകളില്‍ മണിപ്പുരിന്റെ ആക്രമണമായിരുന്നു. എന്നാല്‍ കേരള പ്രതിരോധത്തെ മറികടക്കാനായില്ല. മുന്നേറ്റം ശക്തമാക്കിയ കേരളം 22-ാം മിനിറ്റില്‍ മുന്നിലെത്തി (1-0). മധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ നസീബ് റഹ്‌മാന്‍ മണിപ്പുര്‍ ഗോളിയെ കബളിപ്പിച്ച് അനായാസം വലകുലുക്കി. പക്ഷേ, 29-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മണിപ്പുര്‍ സമനില പിടിച്ചു (1-1).
മുന്നേറ്റം ശക്തമാക്കിയ കേരളം ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ലീഡ് തിരിച്ചുപിടിച്ചു. അജ്‌സലാണ് കേരളത്തിനായി വലകുലുക്കിയത് (2-1).
രണ്ടാം പകുതിയില്‍ മണിപ്പുര്‍ തിരിച്ചടിക്കാന്‍ ഉണര്‍ന്നുകളിച്ചെങ്കിലും കേരളം ശക്തമായി പ്രതിരോധിച്ചു. ഒടുവില്‍ 73-ാം മിനിറ്റില്‍ റോഷലിലൂടെ മൂന്നാം ഗോളും കണ്ടെത്തി. മണിപ്പുര്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മുന്നേറിയ റോഷല്‍ ഉഗ്രന്‍ ഷോട്ടിലൂടെ വലകുലുക്കി (3-1). 87-ാം മിനിറ്റില്‍ നാലാം ഗോളുമെത്തി. കോര്‍ണര്‍ കിക്കിന് ശേഷം ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിന് ഒടുവില്‍ റോഷല്‍ വീണ്ടും വലകുലുക്കി (4-1). ഇഞ്ചുറി ടൈമിൻ്റെ 4ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ റോഷല്‍ ഹാട്രിക്ക് തികച്ചു (5-1). ഉറച്ച ചുവടുകളുമായി കേരളം ഫൈനലിലേക്ക്.
1973ലാണ് കേരളം ആദ്യമായി സന്തോഷ് ട്രോഫിയില്‍ മുത്തമിടുന്നത്. 1992ല്‍ കോയമ്പത്തൂരിൽ നേടിയ കിരീടം 1993ൽ കൊച്ചിയിൽ കേരളം നിലനിർത്തി. 2001ല്‍ മുംബൈയിലും 2004ല്‍ ഡല്‍ഹിയിലും 2018ല്‍ കൊല്‍ക്കത്തയിലും കേരളം കിരീടം നേടി. 2022ല്‍ മഞ്ചേരിയില്‍ നടന്ന സന്തോഷ് ട്രോഫിയിലാണ് കേരളം അവസാനം ജേതാക്കളായത്.