Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ഛായാമുഖി എന്ന ഒറ്റ നാടകും കൊണ്ടു തന്നെ മലയാള നാടകവേദിയിൽ തൻ്റേതായ സ്ഥാനം അടയാളപ്പെടുത്തി പോയ പ്രശാന്ത് നാരായണൻ ഓർമ്മയായിട്ട് 1 വർഷം. മോഹൻലാലും മുകേഷും മത്സരിച്ചഭിനയിച്ച ഈ നാടകം പ്രശാന്തിൻ്റെ സങ്കല്പസൃഷ്ടിയായ ഛായാമുഖി എന്ന മായക്കണ്ണാടിയെ കേന്ദ്രീകരിച്ചുള്ളതാണ്. മഹാഭാരതത്തിൽ ഇല്ലാത്ത ഒരു മായക്കണ്ണാടി തൻ്റെ നാടകത്തിനായി പ്രശാന്ത് സൃഷ്ടിച്ചെടുക്കുകയായിരുന്നു. അതുപോലെ എം.ടിയുടെ ജീവിതവും കൃതികളും കോർത്തിണക്കി പ്രശാന്ത് ചെയ്ത മഹാസാഗരം ദേശീയ-അന്തർദേശീയ മേളകളിലുൾപ്പെടെ നിരവധി അരങ്ങുകളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഛായാമുഖി, വജ്രമുഖൻ, മകരധ്വജൻ, കറ എന്നിവയുൾപ്പെടെ 30 നാടകങ്ങളുടെ രചനയും 60ഓളം നാടകങ്ങളുടെ സംവിധാനവും പ്രശാന്ത് നിർവഹിച്ചു.
പ്രശാന്തിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിക്കാൻ ആരാധകരും സുഹൃത്തുക്കളും ഒത്തുചേർന്നു. പ്രശാന്ത് നാരായണൻ തന്നെ തുടക്കം കുറിച്ച കളം തിയറ്റർ ആൻഡ് റപ്രട്ടറിയുടെ ആഭിമുഖ്യത്തിൽ വൈലോപ്പിള്ളി സംസ്കൃതിഭവന്റെ സഹകരണത്തോടെയായിരുന്നു അനുസ്മരണ പരിപാടി. സാഹിത്യകാരൻ ജി.ആർ.ഇന്ദുഗോപൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇതിഹാസങ്ങളിലടക്കം അഗാധമായ അറിവുണ്ടായിരുന്ന മഹാപ്രതിഭയായിരുന്നു പ്രശാന്തെന്ന് അദ്ദേഹം അനുസ്മരിച്ചു. സാംസ്കാരികലോകത്തിന് വലിയ നഷ്ടമാണ് പ്രശാന്തിന്റെ വേർപാടിലൂടെ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരൻ എം.രാജീവ് കുമാർ അധ്യക്ഷനായി. നാടകകൃത്തും സംവിധായകനുമായ പി.ജെ.ഉണ്ണിക്കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കളം തിയറ്റർ ആൻഡ് റപ്രട്ടറി മാനേജിങ് ഡയറക്ടറും പ്രശാന്തിന്റെ പങ്കാളിയുമായ കല സാവിത്രി, പ്രശാന്തിന്റെ സുഹൃത്തുക്കളും കലാസാഹിത്യപ്രവർത്തകരുമായ ശശി സിതാര, ജയചന്ദ്രൻ കടമ്പനാട്, അലക്സ് വള്ളികുന്നം, ശ്രീകാന്ത് കാമിയോ, സുധി ദേവയാനി, രതീഷ് രവീന്ദ്രൻ എന്നിവർ പ്രശാന്തിന്റെ ഓർമ്മകൾ പങ്കുവച്ചു. കളം പീരിയോഡിക്കൽസ് ഡയറക്ടർ സിനോവ് സത്യൻ, കളം തിയറ്റർ ഡയറക്ടർ നിതിൻ മാധവ് എന്നിവരും സംബന്ധിച്ചു.































