Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തള്ളിയ എ.ഡി.ജി.പി. എം.ആര്‍.അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്. തിരുവമ്പാടി ദേവസ്വം ബോര്‍ഡിനെ പേരെടുത്ത് വിമര്‍ശിച്ചാണ് അജിത് കുമാര്‍ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിനായാണ് പൂരം അട്ടിമറിക്കാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നൽ, പൂരം അട്ടിമറിക്കാന്‍ ശ്രമിച്ചതും ഇതുവഴി നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചതും ഏത് പാര്‍ട്ടിയാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല.
തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ തത്പരകക്ഷികളുമായി ചേര്‍ന്ന് പൂരം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയെന്ന ലക്ഷ്യവുമായാണ് പൂരം കലക്കാന്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
അതേസമയം, ഗൂഢാലോചന നടത്തിയ തത്പരകക്ഷികള്‍ ആരാണെന്നോ ഏത് രാഷ്ട്രിയ പാര്‍ട്ടിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നോ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എന്നാല്‍, മൊഴി രേഖപ്പെടുത്തിയിരിക്കുന്ന ഭാഗത്ത് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ്, ആര്‍.എസ്.എസിന്റെ പ്രമുഖ നേതാവ് എന്നിവരുടെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്.
നിയമവിരുദ്ധമായ കാര്യങ്ങള്‍ ഉന്നയിച്ച് തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്നും പൊലീസ് നിയമപരമായ ഇടപെടല്‍ മാത്രമാണ് ഇക്കാര്യത്തില്‍ നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. എന്നാല്‍, ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളുകയും ഒരു ത്രിതല അന്വേഷണത്തിന് ഉത്തരവിടുകയുമാണ് ചെയ്തത്.