Follow the FOURTH PILLAR LIVE channel on WhatsApp
ചേര്‍ത്തല: സ്വയം പ്രമാണിയാകാന്‍ ശ്രമിക്കുമ്പോള്‍ പ്രാണിയായി മാറുകയാണ് വി.ഡി.സതീശനെന്ന് എസ്.എൻ.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സതീശന്‍ അഹങ്കാരിയായ നേതാവാണെന്ന് വെള്ളാപ്പള്ളി ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സതീശന് പക്വതയും മാന്യതയുമില്ലെന്നും അദ്ദേഹം പ്രതിപക്ഷ നേതാവായതോടെ കോൺഗ്രസ്സിൽ ഗ്രൂപ്പുകള്‍ കൂടിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസില്‍ ഇപ്പോള്‍ എ, ഐ ഗ്രൂപ്പുകളില്ലെന്നും, വ്യക്തികളുടെ ഗ്രൂപ്പാണുള്ളതെന്നും വെള്ളാപ്പള്ളി നടേശന്‍ തുറന്നടിച്ചു.
കെ.പി.സി.സി. അധ്യക്ഷനെ അടക്കം എതിര്‍ത്ത് വി.ഡി.സതീശന്‍ സര്‍വജ്ഞന്‍ ആകാന്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. രാഷ്ട്രീയപരമായും വ്യക്തിപരമായും സതീശന്‍ സ്വയം നശിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.
സതീശന്‍ സ്വയം നേതാവാകാന്‍ ശ്രമിക്കുന്ന ആളാണെന്നും, മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിലെ നിരവധി നേതാക്കളെ തനിക്കറിയാം. എന്നാല്‍ മറ്റൊരു നേതാവിനും ഇത്രയും ധാര്‍ഷ്ട്യമില്ല. സമുദായ നേതാക്കളേയും രാഷ്ട്രീയ നേതാക്കളേയും പ്രതിപക്ഷ നേതാവ് തള്ളി. അഹങ്കാരത്തിന്റെ ആള്‍ രൂപമായി മുന്നോട്ടുപോയാല്‍ സതീശന്റെ രാഷ്ട്രീയ ജീവിതം സര്‍വനാശത്തിലേക്ക് പോകുമെന്നും വെള്ളാപ്പള്ളി പ്രവചിച്ചു.
2026ല്‍ യു.ഡി.എഫ്. അധികാരത്തില്‍ എത്തില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. എല്‍.ഡി.എഫിന്റെ ഗുണം വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫിന്റെ ബലഹീനതയാണ്. കേരളത്തില്‍ എല്‍.ഡി.എഫ്. ഭരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവായി സതീശന്‍ തുടര്‍ന്നാല്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിൽ ഇപ്പോള്‍ അണികളില്ലെന്നും, എല്ലാവരും നേതാക്കളാണെന്നും ബി.ജെ.പിയിലേക്ക് വോട്ടുകള്‍ പോയത് കോണ്‍ഗ്രസില്‍ നിന്നാണെന്നും വെള്ളാപ്പള്ളി വിലയിരുത്തി.