Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു. 388 കുടുംബങ്ങളാണ് കരട് പട്ടികയിൽ ഉൾപ്പെട്ടത്. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടകവീടുകളിലോ പാടികളിലോ താമസിച്ചിരുന്ന മറ്റെവിടെയും വീടില്ലാത്ത ദുരന്തബാധിതരെയുമാണ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയത്.
കളക്ടറേറ്റ്, മാനന്തവാടി ആർ.ഡി.ഒ. ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും എൽ.എസ്.ജി.ഡി.യുടെ https://lsgkerala.gov.in ജില്ലാഭരണകൂടത്തിന്റെ https://wayanad.gov.in വെബ്സൈറ്റിലൂടെയും കരട് പട്ടിക പരിശോധിക്കാം.
പ്രസിദ്ധീകരിച്ച പട്ടികയിലെ വിശദാംശങ്ങൾ പരിശോധിക്കാൻ വെള്ളരിമല വില്ലേജ്, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്കും സജ്ജീകരിച്ചിട്ടുണ്ട്. കരട് പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ 2025 ജനുവരി 10ന് വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും. ആക്ഷേപങ്ങൾ വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപ്പഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫീസുകളിലും subcollectormndy@gmail.com എന്ന ഇ-മെയിലിലും സ്വീകരിക്കും. ഓഫീസുകളിലും ഓൺലൈനായും സ്വീകരിക്കുന്ന എല്ലാ ആക്ഷേപങ്ങൾക്കും കൈപ്പറ്റ് രസീത് നൽകും.
കരട് പട്ടികയിലെ ആക്ഷേപങ്ങളിൽ സബ് കളക്ടർ സ്ഥലപരിശോധന നടത്തിയശേഷം റിപ്പോർട്ട് തയ്യാറാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമർപ്പിക്കും. തുടർന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി പരാതിക്കാരെ നേരിൽക്കണ്ട് ആക്ഷേപത്തിൽ തീർപ്പുകല്പിക്കും.ജനുവരി 10നുശേഷം 30 ദിവസത്തിനകം ജില്ലാ ദുരന്തനിവാരണ അതോറിറ്റി അന്തിമപട്ടിക പ്രസിദ്ധീകരിക്കും.
അന്തിമപട്ടിക സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും സർക്കാരിലെ ദുരന്തനിവാരണവകുപ്പിൽ നൽകണം. നവംബർ 26ലെ ദുരന്ത നിവാരണവകുപ്പിന്റെ മാർഗനിർദേശപ്രകാരമാണ് കരടു പട്ടിക തയ്യാറാക്കിയത്.
ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞ് നാലുമാസത്തിനുശേഷമാണ് പുനരധിവാസത്തിനായുള്ള കരട്പട്ടിക പ്രസിദ്ധീകരിക്കുന്നത്. മേപ്പാടി പഞ്ചായത്ത് 10, 11, 12 വാർഡുകളിലായിരുന്നു ദുരന്തം. ദുരന്തബാധിതർ നിലവിൽ സർക്കാരിന്റെ താത്കാലിക പുനരധിവാസത്തിൽ വിവിധയിടങ്ങളിൽ വാടകവീടുകളിലാണ് താമസിക്കുന്നത്.
ദുരന്തമേഖലയിലെ വാസയോഗ്യമല്ലെന്ന് കണ്ടെത്തുന്ന ഇടങ്ങളിലെ താമസക്കാരെ പുനരധിവാസത്തിന്റെ രണ്ടാംഘട്ടത്തിൽ പരിഗണിക്കും. ആക്ഷേപങ്ങൾ ജനുവരി 10 വരെ അറിയിക്കാം.
ഗുണഭോക്തൃ കരട് പട്ടിക
വാർഡ് 10
വാർഡ് 11
വാർഡ് 12