29 C
Trivandrum
Saturday, March 15, 2025

പടികെട്ടുകളല്ല കൈവരികളാണ് താരം

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: 29 വർഷത്തെ പ്രയാണത്തിനിടയിൽ വലിയ മാറ്റങ്ങൾക്ക് ഐ.എഫ്.എഫ്.കെ. വിധേയമായി. ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും സംഘാടനത്തിലും കാണികളുടെ പങ്കാളിത്തത്തിലും കാലോചിതമായ മാറ്റങ്ങൾ ഉണ്ടായി. പ്രേക്ഷകരുടെ ഇഷ്ട്ട ഇടങ്ങൾ പോലും മാറി.

ഐ.എഫ്.എഫ്.കെയുടെ തുടക്ക കാലത്ത് പ്രധാന വേദിയായിരുന്ന കൈരളി, ശ്രീ തിയേറ്ററിലെ പടികെട്ടുകളായിരുന്നു സിനിമ കാണാനെത്തുന്നവരുടെ പ്രിയ ഇടം. കവി അയ്യപ്പൻ സ്ഥിരമായി ഇരിക്കുന്നതിലൂടെ അയ്യപ്പൻ പടിയായി അറിയപ്പെട്ടിരുന്ന കൈരളി, ശ്രീ തിയേറ്റുകളിലെ പടികെട്ടുകൾക്ക് പക്ഷേ, ഇപ്പോൾ പഴയ സ്റ്റാർഡം ഇല്ല. ബാരിക്കേഡുകളും പോസ്റ്ററുകളും തിങ്ങി നിറഞ്ഞ് ആർക്കും ഇരിക്കാൻ പറ്റാത്ത സ്ഥലമായി മാറിയിരിക്കുന്നു.

ഇടയ്ക്ക് തിയേറ്റർ പുതുക്കി പണിതപ്പോൾ പടിയുടെ പ്രതാപം അവസാനിച്ചു. ഐ.എഫ്.എഫ്.കെയുടെ പ്രധാന വേദി ടാ​ഗോർ തിയേറ്ററിലേക്കു മാറ്റിയതോടെ ഡെലി​ഗേറ്റുകൾ തമ്പടിക്കുന്നതിന് ഒരു പുതിയ സ്ഥലവും രൂപപ്പെട്ടു. ടാ​ഗോർ തിയേറ്ററിലെ മുൻ ​ഗേറ്റിന് മുന്നിൽ നിന്നും ആരംഭിക്കുന്ന കൈവരികളാണ് ഇപ്പോഴത്തെ ചലച്ചിത്ര ചർച്ചാ സ്ഥലങ്ങൾ. കൈവരികൾ സ്ഥിരമായി സ്വന്തമാക്കിവരും ഉണ്ട്. നടൻമാർ, അണിയറ പ്രവർത്തകർ എല്ലാവർക്കും ഇഷ്ടം ടാ​ഗോറിലെ കൈവരികൾ തന്നെ.

മുൻ വർഷങ്ങളിൽ കൈവരികൾക്ക് സമീപം സ്റ്റാളുകൾക്ക് സ്ഥലം അനുവദിച്ചിരുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നുവെന്ന് ഡെലി​ഗേറ്റുകൾ ചൂണ്ടികാട്ടുന്നു. കൈരളി, ശ്രീയിലെ പടികെട്ടുകൾക്ക് പകരം ടാ​ഗോറിലെ കൈവരികൾക്കും ഇനിയുമേറെ കഥപറയാനുണ്ടാകും. ഇനിയുമേറെ കാലം മുന്നോട്ട് പോകുമ്പോൾ പുതു ഇടങ്ങൾ രൂപപ്പെട്ടേയ്ക്കാം. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണല്ലോ.

Recent Articles

Related Articles

Special

Enable Notifications OK No thanks