Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. 2012ലെ ചട്ടങ്ങള്‍ പാലിച്ച് ആനകളുടെ എഴുന്നള്ളത്ത് നടത്താമെന്നു പറഞ്ഞ സുപ്രീം കോടതി നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതി നടപടിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ശൂന്യതയിൽ നിന്ന് ഉത്തരവിറക്കാനാകില്ലെന്നും ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു.
ഹൈക്കോടതി ഉത്തരവിനെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. ഹൈക്കോടതി ഉത്തരവിന്റെ പ്രായോഗികത തന്നെ സുപ്രീം കോടതി ചോദ്യം ചെയ്തു. 2012 ലെ ചട്ടങ്ങള്‍ പ്രകാരം ആന എഴുന്നള്ളത്തിന് കൃത്യമായ മാര്‍ഗരേഖയുണ്ടെന്നും അതിനപ്പുറത്തേക്കുള്ള നിര്‍ദേശങ്ങള്‍ ഹൈക്കോടതിയ്ക്ക് നല്‍കാന്‍ സാധിക്കില്ലെന്നും പറഞ്ഞു.
ഹൈക്കോടതി ഉത്തരവില്‍ പറയുന്നതുപോലെ ആനകള്‍ക്ക് എങ്ങനെയാണ് 3 മീറ്റര്‍ അകലം പാലിക്കാന്‍ സാധിക്കുകയെന്ന് സുപ്രീം കോടതി ആരാഞ്ഞു. പകല്‍ 9 മണി മുതല്‍ 5 മണിവരെ എഴുന്നള്ളത്ത് പാടില്ല എന്നുള്ള ഹൈക്കോടതി ഉത്തരവ് പ്രായോഗികമായി നടപ്പാക്കാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ചട്ടങ്ങൾക്ക് വിരുദ്ധമായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. 250 വർഷത്തോളമായി ഉത്സവമാണ് ത്യശ്ശൂർ പൂരമെന്നും എല്ലാ നിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്നും ദേവസ്വങ്ങള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ഹൈക്കോടതി ഉത്തരവ് പൂരം നടത്തിപ്പിനെ തന്നെ ബാധിക്കുമെന്ന് സിബൽ പറഞ്ഞു. യൂനെസ്കോയുടെ പട്ടികയിലുള്ള ഉത്സവമാണ്. ആനകളുടെ എഴുന്നള്ളത്ത് നിയമങ്ങൾ പാലിക്കാതെയാണെന്നും ആനകളെ കൊണ്ട് പോകുന്നത് വലിയ അപകടസാധ്യതയിലാണെന്നും മൃഗസ്നേഹികളുടെ സംഘടന വാദിച്ചു.
പലയിടങ്ങളിലും ഏഴുന്നള്ളത്തിനിടെ ആന വിരണ്ട് ഓടിയിട്ടുണ്ടെന്ന് മൃഗസ്നേഹികളുടെ സംഘടന വാദിച്ചു. എന്നാൽ, പൂരത്തിൽ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് കപിൽ സിബൽ മറുപടി നൽകി. എല്ലാ നിയമങ്ങളും പാലിച്ചാണ് മുന്നോട്ട് പോകുന്നത് എന്ന് ദേവസ്വങ്ങൾ വാദിച്ചു. തെറ്റായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് മൃഗ സ്നേഹികളുടെ സംഘടനകളെ വാദിക്കാൻ അനുവദിക്കരുതെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു.
ആചാരവും മൃഗങ്ങളുടെ അവകാശവും ഒന്നിച്ച് കൊണ്ടുപോകുകയാണ് കോടതി ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. നിയമങ്ങൾ പാലിച്ച് അല്ലേ പൂരം അടക്കം നടക്കുന്നതെന്ന് കോടതി ചോദിച്ചു. കേസിൽ സംസ്ഥാന സർക്കാരിനും ആന ഉടമസ്ഥരുടെ സംഘടനകൾക്കും സുപ്രീം കോടതി നോട്ടീസ് നൽകി.
























