തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ അധ്യാപകരെ നിരീക്ഷിക്കാൻ കർശന നടപടിയുമായി സർക്കാർ. പൊതുവിദ്യാലയങ്ങളിലെ അധ്യപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്നും ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.
Follow the FOURTH PILLAR LIVE channel on WhatsApp
ഇക്കാര്യങ്ങൾ പൊലീസും വിജിലൻസും പൊതുവിദ്യാഭ്യാസ വകുപ്പിലെ വിജിലൻസും കർശനമായി നിരീക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ ട്യൂഷൻ നൽകുന്നത് ശ്രദ്ധയിൽ പെട്ടാൽ അത്തരം അധ്യാപകരെ സംബന്ധിച്ച് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണമെന്ന് പി.ടി.എ. അധികൃതരോടും മന്ത്രി അഭ്യർഥിച്ചു. ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ഓൺലൈൻ ട്യൂഷൻ ചാനൽ വഴി ചോർന്ന പശ്ചാത്തലത്തിലാണ് സർക്കാർ നടപടികൾ കർശനമാക്കുന്നത്.
പ്ലസ്‌വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളാണ് സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്‌ഫോമിന്റെ യൂട്യൂബ് ചാനലിലൂടെ ചോർന്നത്. പരീക്ഷയുടെ തലേന്ന് ക്രിസ്മസ് അർധവാർഷികയുടെ ചോദ്യങ്ങളുടെ മാതൃകയാണ് പുറത്തുവന്നത്.
പരീക്ഷയ്ക്കു വന്ന 23 മാർക്കിന്റെ ചോദ്യങ്ങൾ ബുധനാഴ്ച രാത്രി തന്നെ സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവന്നു. കുട്ടികൾ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ചോദിച്ചതാണ് അധ്യാപകർക്ക് സംശയം ഉണ്ടാക്കിയത്.