Follow the FOURTH PILLAR LIVE channel on WhatsApp
സാൻ ഫ്രാൻസിസ്കോ: അമേരിക്കയിലെ സാൻഫ്രാൻസിസ്കോ ആശുപത്രിയിലെ ഐ.സി.യുവിൽ ഹൃദയ സംബന്ധമായ അസുഖങ്ങളാൽ പ്രവേശിപ്പിക്കപ്പെട്ട 73കാരനായ തബല മാന്ത്രികൻ സാക്കിർ ഹുസൈൻ അന്തരിച്ചുവെന്ന വാർത്ത ഞായറാഴ്ച രാത്രി വ്യാപകമായി പ്രചരിച്ചത് ഏവരെയും ദുഃഖത്തിലാഴ്ത്തി. എന്നാൽ, സാക്കിർ ഹുസൈൻ്റെ അനന്തരവൻ അമീർ ഔലിയയുടേതെന്ന് അവകാശപ്പെടുന്ന സമൂഹ മാധ്യമ അക്കൗണ്ട്, അമ്മാവൻ്റെ മരണത്തെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടുകൾ നിരസിക്കുകയും തെറ്റായ വിവരങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.
കുടുംബത്തിൽ നിന്നോ ആശുപത്രിയിൽ നിന്നോ സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ഇനിയും കാത്തിരിക്കുകയാണെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.
സാക്കിർ ഹുസൈൻ അന്തരിച്ചുവെന്ന് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളിൽ വിവിധ തുറകളിൽ നിന്നള്ളവരുടെ അനുശോചന സന്ദേശങ്ങൾ നിറഞ്ഞു. ഇതിനു ശേഷമാണ് അമീർ ഔലിയ എക്സിൽ പോസ്റ്റിട്ടത്. “എൻ്റെ അമ്മാവൻ സാക്കിർ ഹുസൈൻ ജീവിച്ചിരിപ്പുണ്ട്, തെറ്റായ വിവരങ്ങൾ പോസ്റ്റ് ചെയ്യരുതെന്ന് ഞങ്ങൾ വാർത്താ മാധ്യമങ്ങളോട് ആവശ്യപ്പെടുന്നു” -ഔലിയ പറഞ്ഞു.
“അദ്ദേഹം ഗുരുതരാവസ്ഥയിലാണ്, ലോകമെമ്പാടുമുള്ള അദ്ദേഹത്തിൻ്റെ എല്ലാ ആരാധകരോടും അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു,” ഔലിയ കൂട്ടിച്ചേർത്തു.
സാക്കിർ ഹുസൈൻ്റെ കുടുംബവുമായി അടുപ്പം പുലർത്തുന്ന മാധ്യമപ്രവർത്തകൻ പർവേസ് ആലവും മരണവാർത്ത കുടുംബം സ്ഥിരീകരിച്ചിട്ടില്ല എന്നറിയിച്ചിട്ടുണ്ട്.
തബല മാന്ത്രികന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം എക്‌സിൽ പോസ്റ്റിട്ടുവെങ്കിലും പിന്നീട് നീക്കി. “ലോകത്തിന് ഒരു യഥാർത്ഥ സംഗീത പ്രതിഭയെ നഷ്ടപ്പെട്ടു. സംഗീത ലോകത്തിന് സാക്കിർ ഹുസൈൻ നൽകിയ സംഭാവനകൾ എന്നെന്നും വിലമതിക്കപ്പെടും” എന്നായിരുന്നു പോസ്റ്റ്.