Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കർണാടകത്തിലെ സിദ്ദി സമൂഹത്തിൻ്റെ ഭാഷയാണ് സിദ്ദി ഭാഷ. ഈ ഭാഷയ്ക്ക് ലിപിയില്ല. ലിപിയില്ലാത്ത സിദ്ദി ഭാഷ 8 വർഷത്തോളമെടുത്ത് ജയൻ ചെറിയാൻ പഠിച്ചെടുത്തു. എന്നിട്ട് ആ ഭാഷയിലൊരു സിനിമയുമെടുത്തു -റിഥം ഓഫ് ദമാം.
പാപിലിയോ ബുദ്ധ, കാ ബോഡിസ്കേപ്സ് തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് ജയൻ ചെറിയാൻ. അദ്ദേഹത്തിൻ്റെ പുതിയ സിനിമയാണ് റിഥം ഓഫ് ദമാം. സിദ്ദി ഭാഷ സംസാരിക്കുന്ന സിദ്ദി സമൂഹത്തിൻ്റെ തന്നെ കഥയാണ് ഈ സിനിമ, അവരുടെ അറിയപ്പെടാത്ത കഥ.

തലമുറകളായി നേരിട്ട അടിച്ചമർത്തലും അവരുടെ അതിജീവനവും ദമാം എന്ന സംഗീതോപകരണത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി പറയുകയാണ് ചിത്രം. സിദ്ദി സമൂഹത്തിൽ നിന്നുള്ളവർ തന്നെയാണ് ചിത്രത്തിലെ അഭിനേതാക്കൾ. ചിത്രത്തിൽ വേഷമിട്ട ജയറാം സിദ്ദി എന്ന പന്ത്രണ്ടുകാരൻ ഐ.എഫ്.എഫ്.കെയിലെത്തിയിട്ടുണ്ട്.
സിദ്ദി ഭാഷയിൽ ഇറങ്ങുന്ന ആദ്യ ചിത്രമാണ് റിഥം ഓഫ് ദമാം. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇത്തവണ റിഥം ഓഫ് ദമാം പ്രദർശിപ്പിച്ചിരുന്നു.