തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് പരിചരണം എന്നീ കാമ്പയിനുകൾക്ക് സർവ്വകക്ഷിയോഗത്തിൻ്റെ പൂർണപിന്തുണ. തദ്ദേശസ്വയംഭരണതലത്തിലാണ് ഈ പരിപാടികൾ നടത്തുകയെന്നും അവിടെ എല്ലാവരുടെയും സഹകരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു.
Follow the FOURTH PILLAR LIVE channel on WhatsApp
മതസംഘടനകൾ ഉൾപ്പെടെ എല്ലാ സംഘടനകളെയും പരിപാടിയുമായി സഹകരിപ്പിക്കും. ഈ മൂന്ന് പദ്ധതികളും യാർത്ഥ്യമാക്കാൻ രാഷ്ട്രീയ – ബഹുജന പങ്കാളിത്തം അനിവാര്യമാണെന്നും സമയബന്ധിതമായി ഇവ പൂർത്തീകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സമഗ്രകാഴ്ചപ്പാടോടെ രാഷ്ട്രീയ പാർട്ടികളും ബഹുജന സംഘടനങ്ങളും കാമ്പയിനുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. തദ്ദേശ സ്വയംഭരണ തലത്തിൽ നടത്തുന്ന ക്ഷേമപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് നിർലോഭമായ പിന്തുണയാണ് സർക്കാർ നൽകുന്നതെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
കാമ്പയിനിന് പ്രതിപക്ഷം പൂർണപിന്തുണ നൽകുമെന്നും പരിപാടിയുമായി സഹകരിക്കാൻ നിർദേശം നൽകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ നൽകിയ പിന്തുണയ്ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു.
മന്ത്രി എം.ബി.രാജേഷ്, എം.വി.ഗോവിന്ദന്‍ എം.എൽ.എ. (സി.പി.എം.), പഴകുളം മധു (കോൺഗ്രസ് ഐ), ഇ.ചന്ദ്രശേഖരൻ എം.എൽ.എ. (സി.പി.ഐ.), എം.കെ.മുനീർ എം.എൽ.എ. (മുസ്ലിം ലീഗ്), സ്റ്റീഫൻ ജോർജ് (കേരളാ കോൺഗ്രസ് എം), മോൻസ് ജോസഫ് എം.എൽ.എ. (കേരളാ കോൺഗ്രസ്), വി.മുരുകദാസ് (ജനതാദൾ എസ്), മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ് എസ്), പി.എം.സുരേഷ് ബാബു (എൻ.സി.പി.), ഷാജി എസ്. പണിക്കർ (ആർ.എസ്.പി. ലെനിനിസ്റ്റ്), ബാബു ദിവാകരൻ (ആർ.എസ്.പി.), കാസിം ഇരിക്കൂർ (ഐ.എൻ.എൽ.), പി.സി.ജോസഫ് (ജനാധിപത്യ കേരളാ കോൺഗ്രസ്), ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.