തിരുവനന്തപുരം: 29ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തുന്നവരുടെ മുന്നിൽ വ്യത്യസ്തമായ എന്തെങ്കിലും അവതരിപ്പിക്കണം എന്നതായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിൻ്റെ ആഗ്രഹം. ജീവകാരുണ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട എന്തെങ്കിലുമാവണം എന്നും അദ്ദേഹം നിശ്ചയിച്ചു. അങ്ങനെ തുടങ്ങിയതാണ് മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിലെ രക്തദാന പരിപാടി -സിനിബ്ലഡ്. പ്രതിനിധികൾ നന്നായി സഹകരിച്ചതോടെ ഒന്നാം ദിനം തന്നെ പരിപാടി വിജയം.
Follow the FOURTH PILLAR LIVE channel on WhatsApp
പ്രേംകുമാർ തന്നെയാണ് സിനിബ്ലഡ് ഉദ്ഘാടനം ചെയ്തത്. രക്തദാനം മനുഷ്യസ്‌നേഹത്തിന്റെ ഭാഗമാണെന്നും സിനിമ കാണാനെത്തുന്ന യുവത രക്തദാനത്തിന്റെ ഭാഗമാകുകയും അതിലൂടെ അവരുടെ സാമൂഹിക പ്രതിബദ്ധത തുറന്നുകാട്ടുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
പി.സി. വിഷ്ണുനാഥ് എം.എൽ.എ, സംവിധായകൻ ബാലു കിരിയത്ത്, മ്യൂസിയം എസ്.ഐ. ഷെഫിൻ, അക്കാദമി എക്‌സിക്യൂട്ടീവ് ബോർഡ് അംഗം പ്രകാശ് ശ്രീധർ, നിർമാതാവ് കെ.ബാബു തുടങ്ങിയവർ പങ്കെടുത്തു. അക്കാദമി ജനറൽ കൗൺസിൽ അംഗം സന്തോഷ് കീഴാറ്റൂർ ആദ്യ രക്തം ദാനം നടത്തി. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോ.അഭിലാഷാണ് പരിപാടിക്കു നേതൃത്വം നൽകിയത്.
ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പൊലീസിന്റെ രക്തദാന സേവനമായ പോൽ ബ്ലഡ്, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ എന്നിവരും പങ്കാളികളായി.