Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ഓർമ്മകളിലൂടെയുള്ള യാത്രയാണ് സ്വപ്നായനം. മലയാള സിനിമയിലെ ആദ്യകാല നായിക പി.കെ.റോസിയിലേക്കു പോകുകയാണ് 29ാമത് ഐ.എഫ്.എഫ്.കെയിലെ സ്വപ്നായനം. മേളയുടെ സിഗ്നേച്ചർ ചിത്രമാണിത്. ഇപ്പോഴുള്ള സിനിമയിൽ നിന്നുകൊണ്ട് കഴിഞ്ഞ കാലത്തിലേക്ക് നോക്കി കാണുന്നൊരു യാത്രയാണ് ഈ ഹ്രസ്വചിത്രം. സ്ത്രീകൾക്ക് പ്രാധാന്യം നല്കുന്നതായി പറയപ്പെടുന്ന ഇത്തവണത്തെ മേളയ്ക്കൊരു സ്ത്രീപക്ഷ സിഗ്നേച്ചർ.
മലയാള സിനിമാ ചരിത്രത്തിലെ പി.കെ.റോസിയുടെ സ്ഥാനത്തെ അടയാളപ്പെടുത്തുന്ന സിഗ്നേച്ചർ ഫിലിം തയ്യാറാക്കിയിരിക്കുന്നത് മുംബൈയിൽ ഛായാഗ്രഹകനായി പ്രവർത്തിക്കുന്ന മാവേലിക്കര സ്വദേശി കെ.ഒ.അഖിലാണ്. മലയാള സിനിമയുടെ ഉറവിടത്തിൽ നിന്നും ആരംഭിക്കുന്നൊരു യാത്രയാണ് സ്വപ്‌നായനം. മലയാളത്തിലെ ആദ്യ ചലച്ചിത്രമായ വിഗതകുമാരന്റെ പ്രദർശനത്തെ പറ്റിയുള്ള വിളംബരം പുത്തരിക്കണ്ടത്തിലൂടെ പോയിരുന്നു എന്ന ചരിത്രത്തെ ഓർമപ്പെടുത്തലോടെയാണ് ചിത്രം ആരംഭിക്കുന്നത്.
തിരുവനന്തപുരത്തെ ഒരു ഗ്രാമതീയേറ്ററിൽ അരങ്ങേറാൻ പോവുന്ന വിഗതകുമാരൻ്റെ ആദ്യപ്രദർശനത്തെക്കുറിച്ചുള്ള ചരിത്രപ്രധാനമായ വിളംബരത്തിൽ ചകോരം വിഗതകുമാരന്റെ നോട്ടീസ് കൊത്തി പറക്കുകയാണ്. കാലങ്ങൾ പിന്നിട്ട് പറക്കുന്ന ചകോരം നഗരത്തിന്റെ വളർച്ചയും പുതിയ തിയേറ്ററുകളുടെ ഉത്ഭവത്തിലൂടെയും പറന്ന് ന്യു കാപ്പിറ്റോൾ തിയേറ്ററിലെത്തുന്നു.
തിയേറ്ററിലെ കാണികൾക്കിടയിൽ മലയാളത്തിന്റെ ആദ്യ നായിക പി.കെ.റോസിയുമുണ്ട്. ക്യാപിറ്റോൾ തിയറ്ററിൽ വിഗതകുമാരൻ പ്രദർശിപ്പിക്കുമ്പോഴാണ് സവർണ കഥാപാത്രത്തെ കീഴ് ജാതിക്കാരി അവതരിപ്പിച്ചതിൻ്റെ പേരിൽ റോസി ആക്രമണം നേരിട്ടത്. നാട്ടിൽനിന്ന് പ്രാണരക്ഷാർഥം രക്ഷപ്പെട്ട റോസി പിന്നീട് തമിഴ്‌നാട്ടിൽ മറ്റൊരു പേരിൽ ജീവിച്ച് മരിക്കുകയായിരുന്നു.
പി.കെ.റോസിയുടെ ധീരപാരമ്പര്യത്തിലൂടെയും അധ്വാനവർഗത്തിൻ്റെ കഠിനതകൾ നിറഞ്ഞ പോരാട്ടങ്ങളിലൂടെയും സഞ്ചരിക്കുന്ന സ്വപ്‌നായനം യാത്ര അവസാനിപ്പിക്കുന്നത് ഏകത്വവും സാംസ്കാരിക വൈവിധ്യവും സിനിമയുടെ ശാശ്വതമായ കരുത്തും സൂചിപ്പിക്കുന്ന ഐ.എഫ്.എഫ്.കെ. മുദ്രയായ ലങ്കാലക്ഷ്മിയുടെ പ്രകാശനത്തോടെയാണ്. 51 സെക്കൻഡാണ് സിഗ്നേച്ചർ ഫിലിമിൻ്റെ ദൈർഘ്യം.
റോസിയുടെ വേഷം സിഗ്നേച്ചർഫിലിമിൽ അവതരിപ്പിച്ചിരിക്കുന്നത് അഭിരാമി ബോസാണ്. സജി ജൂനിയര്‍ ആനിമേഷനും വി.എഫ്.എക്സും നിർവഹിച്ചു.





























