സിങ്കപ്പോര്‍: ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഡി.ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം. വാശിയേറിയ അവസാന ഗെയിമിൽ മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തിൽ ലിറന് സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷിന്റെ വിജയം.
Follow the FOURTH PILLAR LIVE channel on WhatsApp
ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചലഞ്ചറായിരുന്നു ഗുകേഷ്. ജയിച്ചതോടെ ലോക ചെസ് ചാമ്പ്യനാകുന്ന പ്രായം കുറഞ്ഞ താരവും ഗുകേഷായി. ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോക കിരീടനേട്ടത്തെയാണ് ഗുഗേഷ് മറികടന്നത്.
ഒന്നാം പോരാട്ടം ഡിങ് ലിറൻ ജയിച്ചപ്പോൾ മൂന്നാം പോരിൽ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. പത്താം മത്സരവും സമനിലയിൽ പിരിഞ്ഞതോടെ തുടരെ 7 പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്. പിന്നീട് 11-ാം റൗണ്ട് മത്സരത്തിൽ ഡിങ് ലിറനെതിരേ നിർണായക ജയം ഗുകേഷ് സ്വന്തമാക്കി.
എന്നാൽ 12-ാം റൗണ്ട് മത്സരത്തിൽ ഗുകേഷിനെ ലിറൻ പരാജയപ്പെടുത്തി. ഇതോടെയാണ് പിന്നിലായിരുന്ന ലിറൻ പോയിന്റിൽ ഗുഗേഷിനൊപ്പമെത്തിയത് (6-6).
വ്യാഴാഴ്ച നടന്ന 13-ാം റൗണ്ട് മത്സരം സമനിലയിലായതോടെ ഇരുവരും വീണ്ടും ഒപ്പത്തിനൊപ്പമായി (6.5-6.5). അവസാന ഗെയിമായ 14-ൽ കറുത്ത കരുക്കളായിരുന്നിട്ടും ഗുകേഷ് ചരിത്ര വിജയം സ്വന്തമാക്കി.