29 C
Trivandrum
Friday, January 17, 2025

ഐ ആം സ്റ്റില്‍ ഹിയര്‍ ഉദ്ഘാടന ചിത്രം

തിരുവനന്തപുരം: ഐ ആം സ്റ്റില്‍ ഹിയര്‍ 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം. വിഖ്യാത ബ്രസീലിയന്‍ സംവിധായകന്‍ വാള്‍ട്ടര്‍ സാലസ് സംവിധാനംചെയ്ത പോര്‍ച്ചുഗീസ് ഭാഷയിലുള്ള ഈ ചിത്രം ബ്രസീല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്.

Follow the FOURTH PILLAR LIVE channel on WhatsApp 

ഈ വര്‍ഷത്തെ വെനീസ് ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശവും നേടിയ ഈ ചിത്രത്തെ 2024ലെ ഏറ്റവും മികച്ച അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളിലൊന്നായി ന്യൂയോര്‍ക്ക് ആസ്ഥാനമായ നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യുവും ഈ വര്‍ഷത്തെ മികച്ച 50 ചിത്രങ്ങളിലൊന്നായി ബ്രിട്ടീഷ് മാസിക സൈറ്റ് ആന്റ് സൗണ്ടും തിരഞ്ഞെടുത്തിട്ടുണ്ട്.

1971ല്‍ ബ്രസീല്‍ സൈനിക സ്വേച്ഛാധിപത്യത്തിനു കീഴില്‍ ഞെരിഞ്ഞമരുന്ന കാലത്ത് നടന്ന സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. വിമത രാഷ്ട്രീയ പ്രവര്‍ത്തകനായ ഭര്‍ത്താവിനെ കാണാതായതിനെ തുടര്‍ന്ന് അദ്ദേഹത്തെ അന്വേഷിച്ചിറങ്ങുന്ന അഞ്ചു മക്കളുടെ അമ്മയായ യൂനിസ് പൈവയുടെ കാഴ്ചപ്പാടിലൂടെ ഒരു രാജ്യത്തിനേറ്റ മുറിവിന്റെ ആഴം കാട്ടിത്തരുകയാണ് സംവിധായകന്‍.

29ാമത് ഐ.എഫ്.എഫ്.കെ 2024 ഡിസംബര്‍ 13 വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആന്‍ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ചടങ്ങിൽ സമ്മാനിക്കും. 10 ലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്.

ഡിസംബര്‍ 13 മുതല്‍ 20 വരെ 14 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ 7 സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 63 സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുന്‍നിര മേളകളില്‍ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് മറ്റൊരു ആകര്‍ഷണമായിരിക്കും. ചലച്ചിത്രകലയില്‍ ശതാബ്ദിയിലത്തെിയ അര്‍മീനിയയില്‍നിന്നുള്ള 7 ചിത്രങ്ങള്‍ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ഹോങ് സാങ് സൂ, സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നടി ശബാന ആസ്മി, ഛായാഗ്രാഹകന്‍ മധു അമ്പാട്ട് എന്നിവരുടെ റെട്രോസ്‌പെക്റ്റീവ്, ‘ദ ഫിമേല്‍ ഗേയ്‌സ്’ എന്ന പേരിലുള്ള വനിതാ സംവിധായകരുടെ ചിത്രങ്ങളുടെയും ലാറ്റിനമേരിക്കന്‍ സിനിമകളുടെയും പ്രത്യേക പാക്കേജുകള്‍, കലൈഡോസ്‌കോപ്പ്, മിഡ്‌നൈറ്റ് സിനിമ, ആനിമേഷന്‍ ചിത്രങ്ങള്‍, ചലച്ചിത്ര അക്കാദമി പുനരുദ്ധരിച്ച രണ്ടു ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള റെസ്റ്റോര്‍ഡ് ക്‌ളാസിക്‌സ്, പി.ഭാസ്‌കരന്‍, പാറപ്പുറത്ത്, തോപ്പില്‍ഭാസി എന്നീ പ്രതിഭകളുടെ ജന്മശതാബ്ദിവേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ എന്നിവയാണ് മേളയുടെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.

13000ല്പരം ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കെടുക്കും. 100ഓളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി എത്തുന്നുണ്ട്. ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ഡിസംബര്‍ 20ന് നടക്കുന്ന സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.

തിയേറ്ററുകളില്‍ ആകെ സീറ്റിന്റെ 70 ശതമാനം റിസര്‍വേഷന്‍ ചെയ്തവര്‍ക്കും 30 ശതമാനം റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്കുമായാണ് പ്രവേശനം അനുവദിക്കുന്നത്. മുതിര്‍ന്ന പൗരര്‍ക്ക് ക്യൂ നില്‍ക്കാതെ പ്രവേശനം അനുവദിക്കുന്നതാണ്. ഡെലിഗേറ്റുകള്‍ക്കായി കെ.എസ്.ആര്‍.ടി.സിയുടെ രണ്ട് ഇ-ബസുകള്‍ പ്രദര്‍ശനവേദികളെ ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക സൗജന്യ സര്‍വീസ് നടത്തും.

Recent Articles

Related Articles

Special

Enable Notifications OK No thanks