തിരുവനന്തപുരം: കേന്ദ്ര നികുതി വരുമാനത്തിന്റെ കേന്ദ്ര-സംസ്ഥാന വിഹിത വിഭജനത്തിലെ അസമത്വം പരിഹരിക്കണമെന്ന് കേരളം പതിനാറാം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടു. വിഭവസമാഹരണ അധികാരങ്ങളിലെയും ചെലവിലെയും അസമത്വം കണക്കിലെടുത്ത്, ഈ സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് ഉതകുന്ന നിർദേശങ്ങൾ കമ്മീഷൻ ശുപാർശകളിൽ ഉൾപ്പെടേണ്ടതുണ്ട്. ഭരണഘടനാ ആർട്ടിക്കിൾ 280 അനുസരിച്ച് ഈ ചുമതല നിർവഹിക്കാനുള്ള അധികാരം ധനകാര്യ കമ്മീഷനുണ്ടെന്ന് കേരളം ചൂണ്ടിക്കാട്ടി.
Follow the FOURTH PILLAR LIVE channel on WhatsApp
നീതി ആയോഗ് മുൻ വൈസ് ചെയർമാൻ ഡോ.അരവിന്ദ് പനഗാരിയ ചെയർമാനായ പതിനാറാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കുന്നതിനായുള്ള ചർച്ചകളുടെ ഭാഗമായാണ് കേരളത്തിലെത്തിയത്. ധനകാര്യ കമ്മീഷൻ മുമ്പാകെ കേരളത്തിന്റെ ആവശ്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ശക്തമായി അവതരിപ്പിച്ചു. നികുതി വിഹിതം സംസ്ഥാനങ്ങള്‍ക്കു വിഭജിച്ചു നല്‍കുന്നതിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളും ഗ്രാന്‍റുകള്‍ യഥാസമയം ലഭ്യമാക്കാനുള്ള നടപടികള്‍ സംബന്ധിച്ചും ധനകാര്യകമ്മീഷനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നാണ് വിശ്വാസമെന്ന് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
പതിനാലാം ധന കമ്മീഷൻ ശുപാർശ പ്രകാരം സംസ്ഥാനങ്ങൾക്ക് അനുവദിച്ച കേന്ദ്ര നികുതി വിഹിതത്തിൽ വലിയ കുറവുണ്ടായി. നികുതിക്കു പകരമായി കേന്ദ്ര സർക്കാർ വലിയതോതിൽ സെസും സർചാർജും സമാഹരിക്കാൻ തുടങ്ങി. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 75 ശതമാനത്തിൽനിന്ന് 60 ശതമാനത്തിലേക്ക് ചുരുക്കി. ജി.എസ്.ടിയിലൂടെ സംസ്ഥാനങ്ങൾ സമാഹരിക്കുന്ന നികുതിയുടെ പകുതി കേന്ദ്രത്തിന് അവകാശപ്പെട്ടതാക്കി. ഇതെല്ലാം സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടം വരുത്തുന്നു. ഇതുകൂടി പരിഹരിക്കാൻ വിഭജിക്കാവുന്ന കേന്ദ്ര നികുതിയുടെ 50 ശതമാനം സംസ്ഥാനങ്ങൾക്കായി നീക്കിവയ്‌ക്കണമെന്ന് കേരള ആവശ്യപ്പെട്ടു. പതിനഞ്ചാം ധനകാര്യ കമീഷൻ ശുപാർശ 41 ശതമാനമായിരുന്നു. 2011 ലെ ജനസംഖ്യ മാനദണ്ഡമാക്കിയ പതിനഞ്ചാം ധനകാര്യ കമീഷൻ സമീപനം കേരളത്തിന് വലിയ വരുമാന നഷ്ടമുണ്ടാക്കിയിരുന്നു. ദേശീയ ജനസംഖ്യാ നിയന്ത്രണ പദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയതിന് കേരളത്തെ ശിക്ഷിക്കുകയാണ് ചെയ്‌തതെന്ന് മെമ്മോറാണ്ടത്തിൽ ചൂണ്ടിക്കാട്ടി.
പൊതുമേഖലാ കമ്പനികളുടെ ലാഭ വിഹിതം, സ്‌പെക്‌ട്രം വിൽപന, റിസർവ് ബാങ്കിന്റെ ലാഭവിഹിതം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ തുടങ്ങിയവയിലൂടെ വർഷംതോറും കേന്ദ്രത്തിന് ലഭിക്കുന്ന നികുതിയതര വരുമാനവും സംസ്ഥാനങ്ങളുമായി വിഭജിക്കേണ്ട ധന വിഭവങ്ങളിൽ ഉൾപ്പെടുത്തണം. ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതി അടിയന്തരമായി നടത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്നും കേരളം മെമ്മോറാണ്ടത്തിൽ നിർദേശിച്ചു. തുല്യതയും നീതിയും അടിസ്ഥാനമാക്കിയും, ജനസംഖ്യാ നിയന്ത്രണ പ്രവർത്തനങ്ങളിലെ നേട്ടം പ്രകടമാകുന്നതുമാകണം തിരശ്ചീന വിഹിത കൈമാറ്റ മാർഗ്ഗനിർദ്ദേശങ്ങളുടെ കാതൽ എന്ന് നിവേദനത്തിൽ ഊന്നിപറഞ്ഞു. ഓരോ സംസ്ഥാനത്തിന്റെയും വ്യത്യസ്‌ത സാചര്യങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കണം. ആർട്ടിക്കിൾ 275 പ്രകാരം ഗ്രാന്റുകൾ അനുവദിക്കുമ്പോൾ വലിയതോതിൽ റവന്യു നഷ്ടം ഉണ്ടാകുന്ന സംസ്ഥാനങ്ങൾക്ക് അത് പരിഹരിക്കുന്നതിന് മതിയായ റവന്യു കമ്മി ഗ്രാന്റ് അനുവദിക്കണം.
കേന്ദ്ര സർക്കാരിന്റെ വരുമാനത്തിന്റെ ഒരു നിശ്ചിതഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമാത്രമായി നീക്കിവയ്‌ക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നു കേരളം ആവശ്യപ്പെട്ടു. അതിവേഗ നഗരവത്‌കരണം സവിശേഷ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. അതിനാൽതന്നെ ധനവിഭവ വിഭജന മാനദണ്ഡങ്ങളിൽ ജനസാന്ദ്രതയ്‌ക്കും ഭൂവിസ്‌തൃതിയ്‌ക്കുമൊപ്പം നഗരവത്‌കരണത്തിനും വെയിറ്റേജ് നൽകണം.
പ്രകൃതി ദുരന്തങ്ങളുടെ ആഘാതം വലിയതോതിലാണ് കേരളത്തെ ബാധിക്കുന്നത്. ഇതുമുലം അടിയന്തിര ദുരിത പ്രതികരണ പ്രവർത്തനങ്ങളുടെ ചെലവ് കുതിച്ചുയരുന്നു. ഇതെല്ലാം പരിഗണിച്ച് കേരളത്തിന്റെ സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്കുള്ള കേന്ദ്ര വിഹിതം 100 ശതമാനം ഉയർത്തണം. സംസ്ഥാനം നേരിടുന്ന തീരശോഷണം, മണ്ണിടിച്ചിൽ, അതീതീവ്ര മഴ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ച് സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് പ്രത്യേക ഗ്രാന്റായി 13,922 കോടി രൂപ അനുവദിക്കണം.
ദൈർഘ്യമേറിയ തീരദേശം, ജനസാന്ദ്രത, വിസ്‌തൃത വനമേഖല, തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മനുഷ്യ–മൃഗ സംഘർഷം, സംസ്ഥാനത്തിന് അകത്തേക്കും പുറത്തേയ്‌ക്കുമുള്ള തൊഴിൽപരമായ കുടിയേറ്റം, മുതിർന്ന പൗരൻമാരുടെ എണ്ണത്തിലുണ്ടാകുന്ന വർധന തുടങ്ങിയ ഘടകങ്ങൾ സംസ്ഥാനത്തിന്റെ പൊതുചെലവ് ഉയർത്തുന്നു. കേരളത്തിലെ 30 ശതമാനം ജനങ്ങൾ തീദേശത്താണ് താമസിക്കുന്നത്. 586 കിലോമീറ്റർ വരുന്ന തീരദേശത്തെ 360 കിലോമീറ്ററും തീരശോഷണ ഭീഷണി നേരിടുന്നു. കാലാവസ്ഥ വ്യതിയാനം മൂലം കടൽ നിരപ്പ് ഉയരുന്നത് മറ്റൊരു വെല്ലുവിളിയാണ്. ഇതെല്ലാം സംസ്ഥാനത്തിന്റെ റവന്യുച്ചെലവ് വലിയതോതിൽ ഉയർത്തുന്നു. മുതിർന്ന പൗരൻമാർക്ക് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതികൾക്കും ആവശ്യത്തിന് പണം ലഭ്യമാക്കാൻ കഴിയാത്ത സ്ഥിതിയിലാണ് സംസ്ഥാനം. ഇതെല്ലാം പരിഗണിച്ച് മേഖലകൾ തിരിച്ചും സംസ്ഥാനത്തിന്റെ സവിശേഷമായ പ്രശ്‌നങ്ങൾ പരിഗണിച്ചും പ്രത്യേക ഉപാധിരഹിത ഗ്രാന്റുകൾ ലഭ്യമാക്കണം.
പാർലമെന്റും സംസ്ഥാന നിയമസഭകളും പാസാക്കിയ ധനഉത്തരവാദിത്ത നിയമത്തിലെ വ്യവസ്ഥകൾക്ക് അതീതമായി, സംസ്ഥാനത്തിന്റെ കടമെടുപ്പ് അവകാശങ്ങളിൽ കേന്ദ്ര സർക്കാർ നടത്തുന്ന കൈകടത്തലുകളും നിവേദനത്തിൽ വിവരിച്ചിട്ടുണ്ട്.